SHARE

2020 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുകയാണ്. മൊത്തം 332 താരങ്ങളാണ് ഇത്തവണ അന്തിമ ലേലപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മുൻ സീസണുകളിലെപ്പോലെ ഇത്തവണയും കൂടുതൽ കേരളാ താരങ്ങൾ ഐപിഎല്ലിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലേലപ്പട്ടികയിൽ ഇടം പിടിച്ച കേരളാ താരങ്ങൾക്ക് മികച്ച വില ലേലത്തിൽ നിന്ന് ലഭിക്കാനുള്ള സാധ്യതകൾ ക്രിക്കറ്റ് വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

രഞ്ജി ടീം നായകൻ സച്ചിൻ ബേബി, അതിഥി താരങ്ങളായി കളിക്കുന്ന സ്റ്റാർ ഓൾ റൗണ്ടർ ജലജ് സക്സേന, മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, മുൻ രാജസ്ഥാൻ റോയൽസ് താരം എസ് മിഥുൻ എന്നിവരാണ് കേരളാ ടീമിൽ നിന്ന് ഇത്തവണ ഐപിഎൽ ലേലത്തിനുള്ളത്. ഇതിൽ ഉത്തപ്പയ്ക്കാണ് ഏറ്റവുമുയർന്ന അടിസ്ഥാന വില (1.5 കോടി ഇന്ത്യൻ രൂപ). ജലജ് സക്സേനയ്ക്ക് 30 ലക്ഷം രൂപയും, സച്ചിൻ ബേബി, വിഷ്ണു വിനോദ്, എസ് മിഥുൻ എന്നിവർക്ക് 20 ലക്ഷം രൂപ വീതവുമാണ് അടിസ്ഥാന വിലയുള്ളത്. ഈ താരങ്ങളെല്ലാവരും മുൻപ് ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ളവരുമാണ്.

അതേ സമയം ലേലത്തിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസികൾ നില നിർത്തിയവരിലും കേരളാ താരങ്ങളുണ്ട്. സൂപ്പർ താരം സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസും, വലം കൈയ്യൻ പേസർ സന്ദീപ് വാര്യരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, കെ എം ആസിഫിനെ ചെന്നൈ സൂപ്പർ കിംഗ്സും നിലനിർത്തിയപ്പോൾ, വലം കൈയ്യൻ പേസ് ബൗളറായ ബേസിൽ തമ്പിയെ സൺ റൈസേഴ്സ് ഹൈദരാബാദ് ടീമും നിലനിർത്തിയിട്ടുണ്ട്.