SHARE

ജയ്പൂരിൽ നടക്കുന്ന ഐപിഎൽ താരലേലത്തിൽ മലയാളി താരങ്ങൾക്ക് നിരാശ. കേരളാ ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്, പേസ് ബൗളർ സന്ദീപ് വാര്യർ എന്നിവർക്ക് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. മുൻ സീസണുകളിൽ ഐപിഎല്ലിൽ കളിച്ചിട്ടുള്ള താരങ്ങളാണ് മൂന്ന് പേരും.

വിൻഡീസ് ബാറ്റിംഗ് ഓൾ റൗണ്ടർ ഷെർഫെയിൻ റൂതർഫോഡിനെ 2 കോടി രൂപയ്ക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയപ്പോൾ, ദക്ഷിണാഫ്രിക്കൻ ബോളർ ആൻ റിച്ച് നോർത്തെയെ 20 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിച്ചു‌. വിൻഡീസ് ബോളർ ഒഷേയിൻ തോമസിനെ ടീമിലെത്തിക്കാൻ 1.1 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് മുടക്കിയത്. ദക്ഷിണാഫ്രിക്കൻ ബോളർ ഹാർഡസ് വിൽജോവൻ അടിസ്ഥാനവിലയായ 75 ലക്ഷം രൂപയ്ക്ക് ദക്ഷിണാഫ്രിക്കയിലെത്തി.

വിൽക്കപ്പെടാതെ പോയ പ്രധാന താരങ്ങൾ – റിലി റൂസോ, ഡാനിയൽ ക്രിസ്റ്റ്യൻ, മൻ പ്രീത് ഗോണി, ജെയിംസ് പാറ്റിൻസൺ, സന്ദീപ് വാര്യർ, വിഷ്ണു വിനോദ്, സിക്കന്ദർ റാസ.

ചരിത്രത്തിലാദ്യമായി ഇത്തവണ ജയ്പൂരിലാണ് ഐപിഎൽ ലേലം നടക്കുന്നത്. ഇത്ര നേരത്തെ ഐപിഎൽ ലേലം നടക്കുന്നതും ഇതാദ്യം. 228 ഇന്ത്യൻ താരങ്ങളടക്കം 350 കളികാരാണ് ലേലത്തിലുള്ളത്. ഇതിൽ വിവിധ ദേശീയ ടീമുകളിൽ കളിച്ച 119 താരങ്ങളുണ്ട്. 20 ലക്ഷം രൂപ മുതൽ 2 കോടി വരെ അടിസ്ഥാന വിലയാണ് ഇത്തവണ ലേലത്തിൽ താരങ്ങൾക്കുള്ളത്. ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്തിയതിനാൽ അവശേഷിക്കുന്ന സ്ഥാനങ്ങളിലേക്കാണ് താരങ്ങളെ എടുക്കുന്നത്