കേരള ഒളിമ്പിക് അസ്സോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാനൊരുങ്ങുന്ന പ്രഥമ കേരള സ്കൂൾ ഗെയിംസിലെ 5 മത്സര ഇനത്തിൽ മികവ് തെളിയിക്കുന്ന 30 കുട്ടികളെ കേരള ഒളിമ്പിക് അസോസിയേഷന്റെ സി.എസ്.ആർ.കമ്മിറ്റി ദത്തെടുക്കും. ഏപ്രിൽ 18 ന് ചേർന്ന പ്രഥമ കേരള സ്കൂൾ ഗെയിംസിന്റെ ആദ്യ ഓർഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗത്തിലായിരുന്നു ഈ തീരുമാനത്തിന്റെ പ്രഖ്യാപനം.
ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം, ഉന്നതനിലവാരത്തിലുള്ള താമസ സൗകര്യം, ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച കോച്ചുകളുടെ കീഴില്പരിശീലനം എന്നിവയെല്ലാം കമ്മിറ്റി സൗജന്യമായി നല്കും. പദ്ധതി നടത്തിപ്പിന് പ്രതിവർഷം 3 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്കൂൾ ഗെയിംസ് നടത്തിപ്പിൽ നിന്നും ലഭിക്കുന്ന, ചിലവ് കഴിഞ്ഞുള്ള തുക സി.എസ്.ആർ കമ്മിറ്റി ഇതിനായി മാറ്റിവയ്ക്കും.
അന്താരാഷ്ട്ര ഒളിമ്പിക്സിലേക്ക് കേരളത്തിൽ നിന്നും കായിക താരങ്ങളെ വാർത്തെടുക്കുക എന്നതാണ് സി.എസ്. ആർ. കമ്മിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. വേണ്ടത്ര പരിശീലനത്തിന്റെ കുറവ് കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകളാലും നിരവധി വിദ്യാർത്ഥികളാണ് കായിക മേഖലയിർ പിന്തള്ളപ്പെടുന്നത്. ഇവരുടെ കഴിവുകൾ കൃത്യമായി പ്രയോജനപ്പെടുത്തലിലൂടെ മാത്രമേ കായിക മേഖലയെ ശക്തിപ്പെടുത്താനാവൂ. ഈ സാഹചര്യത്തിലാണ് കേരള ഒളിമ്പിക് അസോസിയേഷൻ ഇത്തരമൊരു മുന്നേറ്റത്തിന് ഒരുങ്ങുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത മാതൃകയാണ് ഇവിടെ സാധ്യമാക്കിയിരിക്കുന്നത്.