SHARE

സന്തോഷ് ട്രോഫിയുടെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കേരളത്തെ ഗോൾരഹിത‌സമനിലയിൽ തളച്ച് തെലങ്കാന. ഫിനിഷിംഗിലെ പാളിച്ചകളാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. മത്സരത്തിൽ ലഭിച്ച പത്തോളം അവസരങ്ങളാണ് കേരളം പാഴാക്കിയത്.

ആദ്യ യോഗ്യതാ മത്സരത്തിൽ കരുത്തുറ്റ ടീമിനെയാണ് കേരളാ പരിശീലകൻ വി.പി ഷാജി കളത്തിലിറക്കിയത്‌. സീസൺ, രാഹുൽ വി രാജ്, മിഥുൻ, ജിതിൻ ഗോപാലൻ എന്നിവരെല്ലാം ടീമിന്റെ ആദ്യ ഇലവനിലിറങ്ങി. മധ്യനിരയും പ്രതിരോധനിരയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിന്റെ മുന്നേറ്റ നിരയ്ക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതിരുന്നത് കേരളത്തിന് കനത്ത തിരിച്ചടിയായി.

ആദ്യ പകുതിയിൽ ആറോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലെത്തിക്കുന്നതിൽ ടീമിന്റെ മുന്നേറ്റ നിര പരാജയമായി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതോടെ യോഗ്യതാ റൗണ്ടിലെ ഇനിയുള്ള മത്സരങ്ങൾ കേരളത്തിന് ഏറെ നിർണായകമായി. പുതുച്ചേരി, സർവീസസ് എന്നിവരെയാണ് യോഗ്യത റൗണ്ടിൽ ഇനി കേരളത്തിന് നേരിടാനുള്ളത്.