SHARE

രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്തി ചരിത്രം തിരുത്തിയ കേരളത്തെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളായ വിദര്‍ഭയുമായിട്ടാണ് കേരളത്തിന് അവസാന എട്ടില്‍ ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായിട്ടാണ് അവരുടെ വരവ്. കളിച്ച ആറില്‍ നാലിലും ജയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന വസീം ജാഫറാണ് ടീമിലെ ശ്രദ്ധാകേന്ദ്രം.

ഇന്ത്യന്‍ ടീമില്‍ കളിച്ച ഫൈസ് ഫസല്‍ നയിക്കുന്ന ടീമില്‍ ഗണേഷ് സതീശ്, ലളിത് യാദവ് തുടങ്ങിയവരും ഉണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 25,000ത്തിലധികം റണ്‍സ് നേടിയിട്ടുള്ള വസീം ജാഫറിന്റെ സാന്നിധ്യം തന്നെയാണ് പേടിക്കേണ്ടത്. ഗോവയ്‌ക്കെതിരായ കളിയില്‍ 158 റണ്‍സെടുത്ത് ഇപ്പോഴും ഫോമിലാണെന്ന് തെളിയിക്കുന്നു ഈ 39കാരന്‍. നേരത്തെ മുംബൈയ്ക്കായി രഞ്ജിയില്‍ കളിച്ചിരുന്ന ജാഫര്‍ വിദര്‍ഭയിലേക്ക് മാറിയിട്ട് അധികകാലമായില്ല.

ക്യാപ്റ്റന്‍ ഫസലാണ് മറ്റൊരു പേടിക്കേണ്ട താരം. ഹിമാചല്‍ പ്രദേശിനെതിരായ അവസാന മത്സരത്തില്‍ ഉഗ്രന്‍ ഡബിള്‍ സെഞ്ചുറിയാണ് താരം നേടിയത്. 307 പന്തില്‍ 206 റണ്‍സ്. ഈ സീസണില്‍ മൂന്നു സെഞ്ചുറിയും ഒരു ഡബിള്‍ സെഞ്ചുറിയും നേടിക്കഴിഞ്ഞു ഈ 32കാരന്‍. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാനെന്ന വിശേഷണം ഫസലിനു ചേരും. ആറു കളിയില്‍ നിന്ന് ഇതുവരെ നേടിയത് 710 റണ്‍സ്. റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്ത്.

തൊട്ടുപിന്നില്‍ മറ്റൊരു വിദര്‍ഭക്കാരന്‍ തന്നെയാണുള്ളത്. ആര്‍.ആര്‍. സഞ്ജയ്. ആറുകളിയില്‍ 613 റണ്‍സ്. ബൗളിംഗില്‍ മിന്നും താരങ്ങളില്ലെങ്കിലും ലളിത് യാദവും രജ്‌നേഷ് ഗുര്‍ബാനിയും എതിരാളികള്‍ പേടിക്കേണ്ടവര്‍ തന്നെ. ചുരുക്കത്തില്‍ കേരളത്തിന് സെമിയിലെത്താന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.