SHARE

ഛത്തീസ്ഗഡിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന് 65 റൺസിന്റെ ഉജ്ജ്വല ജയം. വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയ‌ശില്പി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 296/9 എന്ന‌ മികച്ച സ്കോർ നേടിയപ്പോൾ, ഛത്തീസ്ഗഡിന്റെ മറുപടി 231 ലൊതുങ്ങി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട കേരളം ബാറ്റിംഗിനിറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ഓപ്പണറായെത്തിയ നായകൻ റോബിൻ ഉത്തപ്പ 6 റൺസിൽ പുറത്തായി. പിന്നാലെയെത്തിയ സഞ്ജു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 16 റൺസ് മാത്രമെടുത്ത് പവലിയനിൽ തിരിച്ചെത്തുകയായിരുന്നു‌. ഒരു വശത്ത് വിക്കറ്റുകൾവീണ് കൊണ്ടിരുന്നപ്പോളും മറുവശത്ത് ബാറ്റിംഗ് വെടിക്കെട്ട് നടത്തുകയായിരുന്നു വിഷ്ണു വിനോദ്. തകർത്തടിച്ച് താരം മുന്നേറിയതോടെ കേരളാ സ്കോർ കുതിച്ചു. വെറും 91 പന്തുകളിൽ 5 ബൗണ്ടറികളും, 11 സിക്സറുകളുമടക്കം 123 റൺസാണ് വിഷ്ണു അടിച്ച് കൂട്ടിയത്. 34 റൺസ് വീതമെടുത്ത സച്ചിൻ ബേബി, ജലജ്‌ സക്സേന എന്നിവരും, 56 റൺസടിച്ച മൊഹമ്മദ് അസറുദ്ദീനും വിഷ്ണുവിന്‌ പുറമേ കേരളത്തിനായി മികച്ച രീതിയിൽ ബാറ്റ് വീശി.

297 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഛത്തീസ്ഗഡിന് 4 റൺസെത്തിയപ്പോളേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ജീവൻ ജോതും, അഷുതോഷ് സിംഗും ചേർന്ന് 108 റൺസ് കൂട്ടിച്ചേർത്ത് ടീമിന് മികച്ച തുടക്കംസമ്മാനിച്ചെങ്കിലും പിന്നീട് അവർ തകരുകയായിരുന്നു. കേരളത്തിന്റെ പേസ് ത്രയമായ സന്ദീപ് വാര്യർ-കെ എം ആസിഫ്- എം ഡി നിധീഷ് എന്നിവർ ആഞ്ഞടിച്ചതോടെ ഛത്തീസ്ഗഡ് തകർന്നു‌. കൃത്യമായ ഇടവേളകളിൽ പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ട അവർ 231 റൺസിൽ പുറത്താവുകയായിരുന്നു. നിധീഷ് 4 വിക്കറ്റുകളും, സന്ദീപ് വാര്യർ, ആസിഫ് എന്നിവർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.