SHARE

അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള പരിശീലനത്തിന് വേണ്ടി കേരളാ ബ്ലാസ്റ്റേഴ്സ് തായ്ലൻഡിലേക്ക് പറക്കും. തായ്ലൻഡിലെ ഹുവാ ഹിന്നിലാകും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന ഘട്ട പരിശീലനം നടത്തുക. നിലവിൽ അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയ ഗ്രൗണ്ടിലാണ് അവർ പരിശീലിച്ച് കൊണ്ടിരിക്കുന്നത്.

ഐ എസ് എല്ലിലെ മറ്റ് പ്രമുഖ ടീമുകളെല്ലാം നേരത്തെ തന്നെ തങ്ങൾ പ്രീസീസൺ പരിശീലനം‌ നടത്തുന്നത് എവിടെയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ഇക്കാര്യം പുറത്ത് വിട്ടിരുന്നില്ല‌. തായ്ലൻഡിലെ വിവിധ ക്ലബ്ബുകളുമായി അഞ്ച് പരിശീലന മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കും.‌ സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഇരുപത്തിയൊന്നാം തീയതി വരെയാണ് കേരളാ ടീം തായ്ലൻഡിൽ പരിശീലിക്കുക. തുടർന്ന് അഞ്ചാം സീസൺ ഐ എസ് എല്ലിലെ ഉദ്ഘാടന മത്സരത്തിന് കൃത്യം ഒരാഴ്ച മുൻപ് അവർ ഇന്ത്യയിൽ മടങ്ങിയെത്തും.

ബെംഗളൂരു എഫ്സിയടക്കം നാല് ഐ എസ് എൽ ടീമുകൾ സ്പെയിനെയാണ് ഈ വർഷത്തെ പ്രീസീസൺ മുന്നൊരുക്ക വേദിയായി തിരഞ്ഞെടുത്തത്‌‌. എഫ്സി ഗോവ, ജംഷദ്പൂർ എഫ്സി, എടികെ എന്നിവരാണ് മറ്റ് മൂന്ന് ടീമുകൾ. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ ചെന്നൈയൻസ് എഫ്സി മലേഷ്യയിലും, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുർക്കിയിലുമാണ് പ്രീസീസൺ പരിശീലനം നടത്തുന്നത്.