SHARE

കേരളത്തിലെ മൂന്നു ടീമുകളെയും ചെന്നൈ സിറ്റിയെയും ഉള്‍പ്പെടുത്തി പ്രീസീസണ്‍ ടൂര്‍ണമെന്റ് നടത്താനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്കെന്ന് സൂചന. കേരള ബ്ലാസ്‌റ്റേഴ്‌സ്, ഗോകുലം കേരള എഫ്‌സി, കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം, ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ടീമുകളാകും ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.

ചെന്നൈ ഉള്‍പ്പെടെ മൂന്നു ടീമുകളും സമ്മതം അറിയിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മറുപടിക്കായി കാത്തുനില്ക്കുകയാണ് കെഎഫ്എ. അവര്‍ കൂടി സമ്മതം മൂളിയില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ടൂര്‍ണമെന്റ് നടക്കും. ഒരു ടീമിന് കുറഞ്ഞത് മൂന്നു മത്സരം കിട്ടുന്ന രീതിയിലാണ് ടൂര്‍ണമെന്റ് നടക്കുക. കൊച്ചിയാകും വേദി.

എറണാകുളത്ത് വെച്ച് ഈ പ്രീസീസണ്‍ ടൂര്‍ണമെന്റ് നടത്താനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന് താല്പര്യം. മഹാരാജാസ് സ്റ്റേഡിയമാണ് മത്സരം നടത്തുന്നതിനുള്ള പ്രഥമ പരിഗണനയിലുള്ളത്. ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും, ഗോകുലം കേരളയും ആദ്യമായി നേര്‍ക്ക് നേര്‍ വരുന്നത് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കഴിയും. ഇരു ടീമുകളുടേയും ആരാധകരും ഇതിന് വേണ്ടി വലിയ കാത്തിരിപ്പിലാണ്.

സന്തോഷ് ട്രോഫിക്ക് മുന്നോടിയായുള്ള മികച്ച മുന്നൊരുക്കത്തിന് ഈ ടൂര്‍ണമെന്റ് കേരളാ ടീമിനെ സഹായിക്കുമെന്നാണ് കെഎഫ്എ കരുതുന്നത്. ഒക്ടോബര്‍ അവസാനമാണ് കേരളത്തിന്റെ സന്തോഷ് ട്രോഫിയിലെ പ്രാഥമിക ഘട്ട മത്സരം. നിലവില്‍ ബിനോ ജോര്‍ജിന്റെ കീഴില്‍ കൊച്ചിയില്‍ പരിശീലനത്തിലാണ് ടീം.