SHARE

തോളിന് പരിക്കേറ്റ ഉഗാണ്ടൻ മധ്യനിര താരം കെസിറോൺ കിസിറ്റോയേ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് വാർത്തകൾ. ജംഷദ്പൂരിനെതിരെ നടന്ന മത്സരത്തിനിടെ പരിക്കേറ്റ കിസിറ്റോയ്ക്ക് പിന്നീടുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെല്ലാം നഷ്ടമായിരുന്നു. കിസിറ്റോയുടെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നും, അടുത്ത മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ലെന്നും, അതിനാൽ അദ്ദേഹത്തെ തിരിച്ചയക്കുന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും വാർത്തകൾ വരുന്നത് ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ നിന്ന് തന്നെയാണ്.

ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ ബ്ലാസ്റ്റേഴ്സിലെത്തിയെന്ന് പറയുന്ന കിസിറ്റോ ഈ സീസൺ തുടക്കം മുതലേ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. മുൻ ടീമായ എ.എഫ്.സി ലെപ്പേർഡ്സുമായി കരാറിൽ നിലനിന്നിരുന്ന ചില ചെറിയ പ്രശ്നങ്ങൾ മൂലം ബ്ലാസ്റ്റേഴ്സുമായുള്ള കോണ്ട്രാക്റ്റ് സൈനിംഗ് ജനുവരി വരെ നീണ്ട് പോവുകയായിരുന്നത്രേ. കിസിറ്റോ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തിൽ പൂനെയ്ക്കെതിരെ തകർപ്പൻ സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളിൽ ജയിക്കുകയും ചെയ്തിരുന്നു. കിസിറ്റോയുടെ കരുത്തിൽ സെമി ഫൈനൽ ലക്ഷ്യം വെച്ച് കളി തുടർന്ന കേരളത്തിന് വൻ തിരിച്ചടിയാണ് അദ്ദേഹത്തിന്റെ പരിക്ക് സമ്മാനിച്ചത്.

കിസിറ്റോ ടീമിൽ തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ മാനേജ്മെന്റ് എത്രയും വേഗത്തിൽ തീരുമാനമെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്. മുന്നേറ്റ താരം മാർക്ക് സിഫ്നിയോസ് പോയ ഒഴിവിൽ ഐസ്ലൻഡ് താരം ബാഡ് വിൽസൺ കഴിഞ്ഞയാഴ്ച ടീമിലെത്തിയിരുന്നു. ബ്രസീൽ താരം നിൽമറും ബ്ലാസ്റ്റേഴ്സിന്റെ തന്നെ മുൻ താരമായ വിക്ടർ പുൾഗയും ടീമിലെത്തുമെന്ന് പറഞ്ഞ് കേൾക്കുന്നുണ്ട്. എന്നാൽ ഇവർ ടീമിലേക്ക് വരികയാണെങ്കിൽ നിലവിൽ ടീമിലുള്ള വിദേശ താരങ്ങളിൽ ആരെങ്കിലും പുറത്ത് പോവേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ പരിക്കിന്റെ പിടിയിലായ കെസിറോൺ കിസിറ്റോയ്ക്ക് തന്നെയാണ് അതി‌‌ന് സാധ്യതയും.