SHARE

ക്ലബുകളിൽ നിന്ന് ക്ലബുകളിലേക്ക് കൂടുമാറുന്നതിലൂടെ ശ്രദ്ധേയനായ കെവിൻ പ്രിൻസ് ബോട്ടെങ്ങ് വീണ്ടും ക്ലബ് മാറി. ഇറ്റാലിയൻ സെരി എ സൂപ്പർ ക്ലബായ ഫിയോറെന്റിനയിലേക്കാണ് ഇക്കുറി ബോട്ടെങ് ചേക്കേറിയത്. അതും സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നിന്നാണിപ്പോൾ ഇറ്റലിയിലേക്കുള്ള തിരിച്ചുവരവ്

ഇറ്റാലിയൻ ക്ലബ് തന്നെയായ സസ്സോളോയുടെ മുന്നേറ്റനിരക്കാരനായിരുന്നു ബോട്ടെങ്. ജനുവരയിൽ അപ്രതീക്ഷിത നീക്കത്തിലൂടെ ബോട്ടെങ്ങിനെ ബാഴ്സ ശേഷിക്കുന്ന സീസണിലേക്ക് ലോണിൽ എടുക്കുകയായിരുന്നു. എന്നാൽ കാര്യമായൊന്നും ബാഴ്സയിൽ ചെയ്യാനില്ലാതിരുന്ന ബോട്ടെങ് ആകെ അഞ്ച് മത്സരങ്ങളിലാണ് ബാഴ്സ ജേഴ്സിയണിഞ്ഞത്. തുടർന്ന് ലോൺ അവസാനിച്ചശേഷം സസ്സോളോയിലേക്ക് മടങ്ങിയ ബൊട്ടെങ്ങിനെ രണ്ട് വർഷത്തെ കരാറിലാണിപ്പോൾ ഫിയോറെന്റിന റാഞ്ചിയത്. ‌‌‌

-Advertisement-

പതിനാല് വർഷം നീളുന്ന ബോട്ടെങ്ങിന്റെ സീനിയർ കരിയറിലെ പതിനൊന്നാം ക്ലബാണിത്. ഹെർത്താ ബെർലിനിൽ കരിയർ തുടങ്ങിയ ബോട്ടെങ്ങ്, ബൊറൂസിയ ഡോർട്ട്മുണ്ട്, എ.സി.മിലാൻ, ഷാൽക്കെ, ടോട്ടനം, പോർട്സ്മൗത്ത്, എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ട് തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്. ജർമൻ സൂപ്പർ താരം ജെറോം ബോട്ടെങ്ങിന്റെ അർധസഹോദരനായ കെവിൻ പ്രിൻസ് ഘാനക്കായാണ് കളിക്കുന്നത്.