SHARE

കേരള ബ്ലാസ്റ്റേഴ്‌സിലെ പുതിയ താരോദയമാണ് ഡൂഡ് എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന കെസിറോണ്‍ കിസീറ്റോ. പൂനെയ്‌ക്കെതിരായ തന്റെ ആദ്യ കളിയില്‍ തന്നെ വലിയ ചലനം സൃഷ്ടിച്ച കിസിറ്റോ രണ്ടാം മത്സരത്തിലും മോശമാക്കിയില്ല. ഉഗാണ്ടയില്‍ നിന്നുള്ള ഈ 21കാരനാകും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഏറ്റവും കൂടുതല്‍ കാലം യാത്ര ചെയ്തശേഷം ശേഷം അരങ്ങേറ്റം കുറിച്ച വിദേശ താരം. നവംബര്‍ ആദ്യ വാരം മുതല്‍ ടീമിനൊപ്പമുള്ള കിസിറ്റോയ്ക്ക് കെനിയന്‍ ക്ലബുമായുള്ള കരാര്‍ പ്രശ്‌നങ്ങളാണ് കളത്തിലിറങ്ങുന്നത് വൈകിപ്പിച്ചത്.

ടീമിനൊപ്പമുള്ള യാത്രയെപ്പറ്റിയും ആരാധകരെക്കുറിച്ചും താരം ഗോള്‍ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തില്‍ മനസു തുറന്നു. രണ്ടര മാസത്തോളം കളിക്കാനാകാതെ കരയ്ക്കിരിക്കേണ്ടി വന്നതിനെക്കുറിച്ച് കിസീറ്റോ പറയുന്നതിങ്ങനെ- കളിക്കാന്‍ സാധിക്കാതിരുന്നത് എന്നെ അസ്വസ്ഥനാക്കി. മൈതാനത്ത് ഇറങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഒടുവില്‍ പൂനെയ്‌ക്കെതിരേ കളിക്കാനിറങ്ങിയപ്പോള്‍ മനസിലുണ്ടായ സന്തോഷം വളരെ വലുതാണ്. പൂനെയ്‌ക്കെതിരേ കളത്തില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ എനിക്കായെന്ന് ഞാന്‍ വിശ്വസിക്കുന്നു.

-Advertisement-

കറേജ് പെര്‍ക്കൂസണുമായുള്ള കൂട്ടുകെട്ടിനെപ്പറ്റിയും കിസിറ്റോ വാചാലനായി. ഞങ്ങള്‍ ഇരുവരും വരുന്നത് ഒരേ സ്ഥലത്തു നിന്നുമാണ്. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു കെമിസ്ട്രിയുണ്ട്. നല്ല സൗഹൃദവും. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ചും താരത്തിന് പറയാനുള്ളത് നല്ലതുമാത്രം. ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലൊപ്പിടും മുമ്പ് ഞാന്‍ ഈ ക്ലബിനെപ്പറ്റി അന്വേഷിച്ചിരുന്നു. ഇവിടെ കളിക്കാരെ ഇതിഹാസ സമാനമായാണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടം ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്നു-ഉഗാണ്ടന്‍ താരം പറയുന്നു.