SHARE

കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിന്റെ എൻജിനായി പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമാണ്. സിക്കിം, മണിപ്പൂർ, മിസോറ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എണ്ണമറ്റ പ്രതിഭകളാണ് പുറത്തേക്ക് വരുന്നത്. ഇന്ന് ഇന്ത്യയിലെ പ്രധാന ക്ലബുകളെല്ലാം തന്നെ നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നുള്ള താരങ്ങൾക്ക് പിന്നാലെയാണ്.

ബൈച്ചുങ് ബൂട്ടിയ മുതൽ ഏറ്റവുമൊ‌ടുവിൽ അപൂയ റാൾട്ടെ വരെ വടക്കുകഴിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളാണ്. എന്നാൽ ആ പ്രദേശങ്ങളിൽ നിന്നുള്ള ഫുട്ബോൾ ക്ലബുകൾക്കിതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഐ-ലീ​ഗ് കിരീടമുയർത്തി ഐസോൾ എഫ്.സിയും രണ്ട് തവണ ഐ.എസ്.എൽ സെമിയിലെത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡും വടക്കുകഴിക്കിന്റെ ഫുട്ബോളിന്റെ പാരമ്പര്യമുയർത്തിപ്പി‌‌‌ടിച്ചു. ഈ രണ്ട് ക്ലബുകളിലും ഈ നേട്ടത്തിന് കാരണമായി ഒരാളുണ്ട്. പരിശീലകൻ ഖാലിദ് ജമീൽ.

2016-17 സീസണിൽ ആരാലുമറിയപ്പെടാതുന്ന ഐസോൾ എഫ്.സിയെ ഐ-ലീ​ഗ് ചാമ്പ്യന്മാരാക്കിയാണ് ഖാലിദ് ഇന്ത്യൻ ഫുട്ബോളിൽ ചരിത്രം തിരുത്തിയത്. നാല് വർഷങ്ങൾക്കിപ്പുറം നോർത്ത് ഈസ്റ്റിനെ പ്ലേ ഓഫിലെത്തിച്ച്, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന ചരിത്രവും ഖാലിദ് രചിച്ചു.

2019 മുതൽ നോർത്ത് ഈസ്റ്റിന്റെ സഹപരിശീലകനായിരുന്നു ഖാലിദ്. എന്നാൽ ഈ സീസൺ തുടക്കത്തിൽ ചില പ്രശ്നങ്ങളെത്തുടർന്ന്, ക്ലബ് യൂത്ത് ഡെവലപ്മെന്റിന്റെ ചുമതല നൽകി ഖാലിദിനെ ​ഗുവാഹത്തിയിലേക്ക് വിട്ടു. എന്നാൽ അപ്രതീക്ഷിതമായി മുഖ്യപരിശീലകൻ ജെറാർഡ് നൂസ് പുറത്തായതോടെ ഖാലിദ് തിരിച്ചെത്തി. തുടർന്ന് നടന്നത് ചരിത്രം.

തുടർച്ചായി ഏഴ് മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെ പ്ലേ ഓഫ് സാധ്യതകൾ അനിശ്ചിതത്ത്വത്തിലായിരിക്കുമ്പോഴാണ് ഖാലിദ് ചുമതലയേൽക്കുന്നത്. തുടർന്ന് നടന്ന ഒമ്പത് മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാതെയാണ് നോർത്ത് ഈസ്റ്റ് പ്ലേ ഓഫിലെത്തുന്നത്. ആറ് ജയവും മൂന്ന് സമനിലയുമാണ് ഇതിനിടെ നോർത്ത് ഈസ്റ്റ് നേടിയത്. എ.ടി.കെ മോഹൻ ബ​ഗാൻ, മുംബൈ സിറ്റി എന്നീ രണ്ട് കരുത്തൻ ടീമുകളേയും വീഴ്ത്തി. 18 ​ഗോളുകൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അടിച്ചപ്പോൾ വഴങ്ങിയത് 10 ​ഗോളുകൾ.

പരിശീലകനായി ഖാലിദ് എത്തിയശേഷം നോർത്ത് ഈസ്റ്റിൽ വന്ന മാറ്റം പ്രകടമാണ്. വിദേശതാരങ്ങളുടേയും ഇന്ത്യൻതാരങ്ങളുടേയും പരമാവധി മികവ് കളിക്കളത്തിൽ പുറത്തുകൊണ്ടുവരാൻ ഖാലിദിനായി. ഇതിൽ ഖാലിദിന്റെ ശൈലി ഏറെ ​ഗുണം ചെയ്തിട്ടുണ്ടെന്ന് മുൻ താരങ്ങൾ പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

ടീമിനോടൊന്നാകെ സംസാരിക്കുന്നതിലും ഉപരിയായി ഓരോ കളിക്കാരോടും വ്യക്തിപരമായി സംസാരിക്കുന്ന ശൈലിയാണ് ഖാലിദിന്റേത്. കളിയെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും ഖാലിദ് ചർച്ച ചെയ്യുന്നത് ഒരേ പൊസിഷനിലുള്ള താരങ്ങളുടെ ചെറുകൂട്ടത്തോടാണ്. മാൻ മാനേജ്മെന്റിൽ ഖാലിദ് അസാമാന്യ മികവാണ് പുലർത്തുന്നതെന്ന് മുൻ താരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇമ്രാൻ ഖാൻ, വി.പി സുഹൈർ, ആപുയ റാൾട്ടെ, മസൂർ ഷെരീഫ് തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം ഇതിനുദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത്.

കളിക്കാരുടെ പൊസിഷൻ മാറ്റുക, ത്രോ ഇൻ അടക്കമുള്ള സെറ്റ് പീസുകളിൽ പരിശീലകനം നടത്തുക തുടങ്ങിയവയൊക്കെ ഖാലിദിന്റെ പ്രത്യേകതയാണെ്. പ്രതിരോധഫുട്ബോളിന്റെ വക്താവല്ല ഖാലിദ്, എന്നാൽ തന്റെ ടീം കരുത്തുറ്റ പ്രതിരോധനിരയിൽ പടുത്തുയർത്തിയതാകണം എന്നാണ് ഖാലിദിന്റെ നിലപാട്. തന്റെ ടീം ​ഗോളടിച്ചില്ലെങ്കിൽ ഖാലി​ദ് അത് കാര്യമായെടുക്കില്ല, എന്നാൽ ടീം ​ഗോൾ വഴങ്ങിയാൽ ഖാലിദ് നിരാശനാകും, മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഡാരൻ കാർഡെയ്റ പറയുന്നു.

ഖാലിദിന്റെ കീഴിൽ തോൽവിയറിയാതെയാണ് നോർത്ത് ഈസ്റ്റിന്റെ കുതിപ്പ്. പ്ലേ ഓഫിൽ മത്സരം കൂടുതൽ കടുപ്പമേറിയതാകും. അതിനെയൊക്കെ അതിജീവിക്കാനായാൽ ഐ.എസ്.എൽ കിരീടമുയർത്തുന്ന ആദ്യ ഇന്ത്യൻ പരിശീലകനാകാം ഖാലിദിന്. എന്നാൽ ഈ നേട്ടങ്ങൾക്കുപരി ഐ.എസ്.എല്ലിൽ ഇന്ത്യൻ പരിശീലകർക്ക് മികച്ച സാധ്യതയാണ് ഖാലിദ് തുറന്നത്. അതുകൊണ്ട്തന്നെയാണ് ഖാലിദിന്റെ നേട്ടത്തിന് ഇത്ര പ്രധാന്യമർഹിക്കുന്നത്.