SHARE

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വിജയത്തോളം നിർണായകമായ സമനില സമ്മാനിച്ച ഓപ്പണർ ഉസ്മാൻ ഖവാജയ്ക്ക് റാങ്കിങ്ങിൽ വൻ കുതിപ്പ്. എ.സി.സി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഖവാജ പത്ത് സ്ഥാനം മുന്നേറി പത്താമതെത്തി. ഇതാദ്യമായാണ് ഖവാജ റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുന്നത്.

പാകിസ്ഥാനെതിരെ ആദ്യ ഇന്നിം​ഗ്സിൽ 84-ഉം രണ്ടാമിന്നിം​ഗ്സിൽ 141 റൺസുമാണ് ഖവാജ അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിം​ഗ്സിൽ തകർച്ച നേരിട്ട ഘട്ടത്തിൽ ടിം പെയിനേയും ട്രാവിസ് ഹെഡിനേയും കൂട്ടുപിടിച്ച് ഖവാജ നടത്തിയ ഇന്നിം​ഗ്സാണ് ഓസീസിന് സമനില സമ്മാനിച്ചത്. ഇതോടെയാണ് റാങ്കിങ്ങിലെ മുന്നേറ്റം. കഴിഞ്ഞ വർഷം പതിനൊന്നാം സ്ഥാനത്തെത്തിയതായിരുന്നു ഖവാജയുടെ ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന റാങ്കിങ്.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത് രണ്ടാമതും. ബൗളർമാരുടെ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൻ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു.ദക്ഷിണാഫ്രിക്കയുടെ കാ​ഗിസോ റബാദ രണ്ടാമതും. ഇന്ത്യൻ താരം രവീന്ദ്ര ജഡേജ റാങ്കിങ്ങിൽ നാലാം സ്ഥാനത്തുണ്ട്.