SHARE

ഐ.എസ്.എൽ സീസണിൽ ആദ്യ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോഴും കേരളാ ബ്ലാസ്റ്റേഴ്സ് വിജയം രുചിച്ചിട്ടില്ല. നാളെ ഈസ്റ്റ് ബം​ഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആദ്യ വിജയം തേടിയാണ് ഈസ്റ്റ് ബം​ഗാളുമിറങ്ങുന്നത്. ഈ സാഹചര്യത്തിൽ നാളത്തെ മത്സരം ജയിക്കുക എന്നത് ബ്ലാസ്റ്റേഴ്സിന് അത്യാവശ്യമാണ്

ചരിത്രത്തിലാദ്യമായാണ് സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഒന്നുപോലും ജയിക്കാനാകാതെ വരുന്നത്. ഈ സാഹചര്യത്തിൽ പരിശീലകൻ കിബു വിക്കുനയ്ക്ക് നേരെ വിമർശനങ്ങൾ ഉയർന്നുക്കഴിഞ്ഞു. എന്നാൽ തനിക്ക് അത്തരം ആശങ്കകളൊന്നുമില്ലെന്നാണ് കിബു പറയുന്നത്.

മാനേജ്മെന്റിന് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെക്കുറിച്ച് വിശ്വാസമുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്, അവർക്ക് സാഹചര്യവും വ്യക്തമായി അറിയാം, ഞാൻ ഈ ടീമിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ടീമിൽ എനിക്ക് ഉറച്ച വിശ്വാസമുണ്ട്, വിജയം നേടുക എന്ന ഒറ്റ ലക്ഷ്യവുമായുള്ള ലൈനപ്പാണ് ‍ഒരുക്കുന്നത്, മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ കിബു പറഞ്ഞു.

അടുത്ത മത്സരം മാത്രമാണിപ്പോൾ മനസിൽ, ഇനി ശേഷിക്കുന്ന 15 മത്സരങ്ങളും ജയിച്ച് 45 പോയിന്റ് സ്വന്തമാക്കാം എന്ന് പറയാനാകില്ല, ഞങ്ങൾ നന്നായി പരിശീലിക്കുന്നുണ്ട്, ചിലപ്പോൾ നല്ല ഫലം ലഭിക്കും, ചിലപ്പോൾ അങ്ങനെയല്ലാതെയും വരും, കിബു പറഞ്ഞു.