SHARE

എ.ടി.കെ മോഹൻ ബ​ഗാനെതിരായ ഐ.എസ്.എൽ ആദ്യ മത്സരത്തിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് കണ്ട ആരാധകർ ഒന്നമ്പരന്നു. കാരണം ടീമലുണ്ടാകുമെന്ന് ഉറപ്പിച്ച റൈറ്റ് ബാക്ക് നിഷു കുമാർ പകരക്കാരുടെ ബെഞ്ചിൽ. നിഷുവിന്റെ സ്ഥാനത്ത് പരിശീലകൻ കിബു വിക്കുന ഉൾപ്പെടുത്തിയത് നിരന്തരം വിമർശനമേറ്റുവാങ്ങുന്ന മലയാളി താരം കെ.പ്രശാന്തിനേയും.

മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്നെങ്കിലും നിഷുവിനെ കളിക്കാൻ ഇറക്കിയതേയില്ല കിബു. ഇതിന്റെ കാരണവും മത്സരശേഷം കിബു വെളിപ്പെടുത്തി. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ് നിഷു കുമാർ, എന്നാൽ പ്രീ സീസണിൽ ചില പ്രശ്നങ്ങൾ നിഷുവിന്റെ നേരിടേണ്ടിവന്നു, നിഷു നൂറ് ശതമാനം ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ, കിബു പറഞ്ഞു. നിഷുവിന് പകരമിറങ്ങിയ പ്രശാന്ത് നന്നായി കളിച്ചെന്നും കിബു കൂട്ടിച്ചേർത്തു.

മത്സരത്തിൽ തോറ്റെങ്കിലും ടീമിന്റെ പ്രകടനത്തിൽ സന്തോഷമുണ്ടെന്നും കിബു വ്യക്തമാക്കി. പ്രതിരോധനിരയും മധ്യനിരയും നന്നായി കളി നിയന്ത്രിച്ചെങ്കിലും ഫൈനൽ തേർഡിലേക്ക് പന്തെത്തിക്കുന്നതിൽ ബുദ്ധിമുട്ടിയെന്നും, കിട്ടിയ ചില അവസരങ്ങൾ മുതലാക്കാനായില്ലെന്നും കിബു കൂട്ടിച്ചേർത്തു.