SHARE

തുടമസിലിന് പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ സൂപ്പർ താരം ബക്കാരി കോനെ, നാളെ ഈസ്റ്റ് ബെംഗാളിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കില്ല. നിലവിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന കോനെ ഈസ്റ്റ് ബെംഗാളിനെതിരായ മത്സര ദിന സ്ക്വാഡിലും ഇടം പിടിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേ സമയം സെർജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനായി കേരളാ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച സ്പാനിഷ് താരം ജുവാൻഡെ നാളെ കളിച്ചേക്കുമെന്നാണ് സൂചനകൾ. മത്സരത്തിന് മുന്നോടിയായി ഇന്ന് നടന്ന വിർച്വൽ പത്ര സമ്മേളനത്തിൽ സംസാരിക്കവെ വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനുള്ള ജുവാൻഡെയുടെ മികവിനെ പ്രശംസിച്ച വിക്കൂന, സെന്റർ ബാക്ക് സ്ഥാനത്ത് കളിക്കാനും അദ്ദേഹത്തിന് മികവുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിലവിൽ വിസന്റെ ഗോമസും, ജീക്സൺ സിംഗും മധ്യനിരയിൽ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചതിനാൽ ജുവാൻഡെയെ വരും മത്സരങ്ങളിൽ ടീമിന്റെ സെന്റർ ബാക്ക് സ്ഥാനത്ത് കളിപ്പിക്കാൻ വിക്കൂനയ്ക്ക് പദ്ധതികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന‌ സൂചന.