SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ നാളെ എ.ടി.കെമോഹൻബ​ഗാനെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ തമ്മിലേറ്റുമുട്ടിയപ്പോൾ ജയം എ.ടി.കെയ്ക്കൊപ്പമായിരുന്നു. ലീ​ഗിൽ രണ്ടാം സ്ഥാനത്ത് ഇപ്പോഴുമുള്ള എ.ടി.കെയ്ക്ക് നാളത്തെ മത്സരത്തിൽ മുൻതൂക്കം പ്രവചിക്കുന്നുണ്ട്.

നാളത്തെ മത്സരത്തിന് പിന്നാലെ ബുധനാഴ്ച ലീ​ഗിൽ ഒന്നാമതുള്ള മുംബൈ സിറ്റിയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നുണ്ട്. ലീ​ഗിലെ ഈ മത്സരക്രമം ബ്ലാസ്റ്റേഴ്സിനെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട്. നാളത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന ഇക്കാര്യം പറഞ്ഞു.

നാളത്തെ മത്സരം വെറും 30 ദിവസത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ എട്ടാമത്തെ പോരാട്ടമാണ്, ഇത് വലിയ ബുദ്ധിമുട്ടാണ്, ഒരു മത്സരത്തിന് ശേഷം അടുത്ത മത്സരത്തിന് തയ്യാറെടുക്കാൻ ആവശ്യത്തിന് സമയം കിട്ടുന്നില്ല, ചെറിയ പരുക്കുകളും മറ്റും ഭേദമാകാൻ പോലും സമയം ലഭിക്കുന്നില്ല, ഡിസംബറിൽ ഞങ്ങൾ നാല് മത്സരം മാത്രമാണ് കളിച്ചത്, എന്നാൽ ജനുവരിയിൽ മാത്രം എട്ട് തവണ കളിക്കാനിറങ്ങി, എല്ലാ ടീമുകളും ഇതേ തിരിക്കേറിയ മത്സരക്രമത്തിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്, കിബു പറഞ്ഞു.

തുടർച്ചയായി മത്സരം കളിക്കുമ്പോഴും ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടുകാണെന്നാണ് എനിക്ക് തോന്നുന്നത്, ഇപ്പോൾ ടീമിന് കൂടുതൽ ആത്മവിശ്വാസമുണ്ട്. അടുത്ത രണ്ട് മത്സരങ്ങളും കരുത്തരായ എതിരാളികൾക്കെതിരെയാണ്, ഈ മത്സരങ്ങളിൽ പിടിച്ചുനിൽക്കണമെങ്കിൽ കഴിവിന്റെ പരമവധി ഞങ്ങൾ പുറത്തെടുക്കണം, കിബു കൂട്ടിച്ചേർത്തു.