SHARE

ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറന്നതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹൻ ബ​ഗാനുമായി ഒരു സ്വാപ് ഡീൽ നടത്തിയിരുന്നു. യുവവിങ്ങർ നോങ്ഡമ്പാ നവേറെമനെ എ.ടി.കെയ്ക്ക് നൽകി പകരം അവിടെ നിന്ന് സുഭ ഘോഷിനെ സ്വന്തമാക്കാനായിരുന്നു നീക്കം. ഈ ട്രാൻസഫർ നടന്നെങ്കിലും അത് വിവാദത്തിലാണ് കലാശിച്ചത്.

എ.ടി.കെയിലെത്തിയശേഷം മെഡിക്കൽ നടത്തിയപ്പോൾ നവേറെമിന് പരുക്ക് കണ്ടെത്തി. ഇതോടെ ഈ സ്വാപ് ഡീൽ റദ്ദാക്കാനുള്ള തീരുമാനമാണ് എ.ടി.കെ സ്വീകരിച്ചത്. എങ്കിലും ബ്ലാസ്റ്റേഴ്സിനൊപ്പമാണിപ്പോഴും ഘോഷ്. എന്നാൽ ഘോഷിനെ ടീമിന്റെ ഭാ​ഗമാക്കി കളിപ്പിക്കുന്നതിന് ഇനിയും ചില നടപടികൾ ബാക്കിയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കുന പറയുന്നത്.

ക്ലബിനൊപ്പം ഘോഷ് സ്ഥിരമായി പരിശീലനം നടത്തുന്നുണ്ട്, ഇടയ്ക്ക് നടന്ന സൗഹൃദമത്സരത്തിൽ ​ഗോൾ നേടുകയും ചെയ്തിരുന്നു, എങ്കിലും ഘോഷിന് കളിക്കാൻ അനുമതി ലഭിച്ചിട്ടില്ല, ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്, കിബു വ്യക്തമാക്കി.