SHARE

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ പോലും മലയാളി താരം സഹൽ അബ്ദുൾ സമദിന് ഇടം കിട്ടിയില്ലെന്നത് ആരാധകരെ അൽപ്പം അമ്പരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ സഹലിനെ ആദ്യ ഇലവനിൽ ഇറക്കില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. എന്നാൽ സ്ക്വാഡിൽ കൂടി മലയാളി താരത്തെ കാണാതെയായപ്പോൾ ആരാധകർക്ക് ആശങ്കയായി.

എന്നാൽ അങ്ങനെയാശങ്കപ്പെടേണ്ടതില്ലന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വിക്കു പറയുന്നത്. നോർത്ത് ഈസ്റ്റിനിതിരായ മത്സരം കളിക്കാൻ സഹൽ പൂർണമായും ഫിറ്റായിരുന്നില്ലെന്നാണ് താരത്തെ ഒഴിവാക്കിയതിന്റെ കാരണമായി കിബു മത്സരശേഷം പറഞ്ഞത്. അടുത്ത മത്സരത്തിൽ സഹൽ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും കിബു കൂട്ടിച്ചേർത്തു.

എ.ടി.കെയ്ക്കെതിരായ മത്സരത്തിൽ അറ്റാക്കി​ങ് മിഡ്ഫീൽഡറായാണ് സഹൽ ആദ്യ ഇലവനിൽ ഇറങ്ങിയത്. എന്നാൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഈ ഇന്ത്യൻ താരത്തിന്റേത്. ഈ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സഹൽ രൂക്ഷവിമർശനമേറ്റുവാങ്ങിയിരുന്നു. എങ്കിലും ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് സഹലെന്നാണ് കിബു, ഈ വിമർശനങ്ങളെക്കുറിച്ച് പറഞ്ഞത്.