SHARE

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് മുമ്പ് ടീമുകളുടെ ദേശീയ ഗാനങ്ങൾ പ്ലേ ചെയ്യുന്ന രീതി ഇന്ന് ക്രിക്കറ്റിലുണ്ട്‌. ഇപ്പോളിതാ ഇത്തരമൊരു രീതി ഇന്ത്യൻ പ്രീമിയർ ലീഗിലും കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയ. ഇക്കാര്യം നിർദ്ദേശിച്ച് അദ്ദേഹം ബിസിസിഐയ്ക്ക് കത്തയച്ച് കഴിഞ്ഞു.

വരും സീസൺ മുതൽ ഐപിഎല്ലിലെ മത്സരങ്ങൾക്ക് മുൻപ് ദേശീയ ഗാനം ഉൾപ്പെടുത്തുന്ന രീതി കൊണ്ട് വരണമെന്നാണ് ബെസ് വാഡിയ നിർദ്ദേശിക്കുന്നത്‌. ഇന്ത്യൻ പ്രീമിയർ ലീഗ് രാജ്യത്തിന്റെ അഭിമാനമാണെന്നും, ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗിലെ മത്സരങ്ങൾക്ക് മുൻപ് ദേശീയ ഗാനം ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ അഭിമാനവും ഉയർത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം വരും സീസൺ ഐപിഎല്ലിൽ ഉദ്ഘാടനച്ചടങ്ങ് വേണ്ടെന്ന് വെച്ച ബിസിസിഐ തീരുമാനത്തേയും നെസ് വാഡിയ പിന്തുണച്ചു‌. ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ച് കൊണ്ടിരുന്നത് തനിക്ക് വലിയ ഞെട്ടൽ സമ്മാനിച്ചിരുന്ന കാര്യമായിരുന്നെന്നും, ഇപ്പോൾ അങ്ങനൊന്ന് വേണ്ടെന്ന് വെച്ചത് ബിസിസിഐ എടുത്ത ഏറ്റവും നല്ല തീരുമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു‌.