SHARE

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകി ഐപിഎൽ ടീം കിംഗ്സ് ഇലവൻ പഞ്ചാബ്. കഴിഞ്ഞ മാസം ഫെബ്രുവരി പതിനാലാം തീയതിയുണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ അഞ്ച് ജവാന്മാരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമാണ് പഞ്ചാബ് ഫ്രാഞ്ചൈസി നൽകിയത്. കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിന് വേണ്ടി നായകൻ രവിചന്ദ്രൻ അശ്വിനാണ് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ചെക്കുകൾ കൈമാറിയത്.

ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിന്റെ ഭാഗത്ത് നിന്നുണ്ടായ ഇത്തരത്തിലൊരു നീക്കം വലിയ കൈയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്. വലിയ പ്രശംസകളാണ് ടീമിന്റെ ഈ നീക്കത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നതും. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങുകൾ ബിസിസിഐ വേണ്ടെന്ന് വെച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിനായി ചിലവഴിക്കാൻ കരുതിയിരുന്ന 20 കോടി രൂപ, നാഷണൽ ഡിഫൻസ് ഫണ്ടിലേക്ക് നൽകുമെന്നും കഴിഞ്ഞ‌ദിവസം അവർ പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ജവാന്മാരുടെ കുടുംബത്തിന് സഹായ ഹസ്തവുമായി കിംഗ്സ് ഇലവൻ പഞ്ചാബും രംഗത്തെത്തിയത്.