SHARE

ഓസ്ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ ടീമിലെത്തിച്ച് ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിലവിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായ മാർക്കസ് സ്റ്റോയിനിസിനെ ടീമിലെത്തിക്കാൻ ഇന്ത്യൻ താരം മന്ദീപ് സിംഗിനെയാണ് ബാംഗ്ലൂർ വെച്ച് മാറുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംഗതി സത്യമാകാനാണ്‌ സാധ്യത.

2016 ലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സൂപ്പർ ഓൾ റൗണ്ടറായ മാർക്കസ് സ്റ്റോയിനിസിനെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കുന്നത്. 55 ലക്ഷം രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബ് വാങ്ങിയ സ്റ്റോയിനിസ് 2016 ലും 2017 ലും പഞ്ചാബ് ജേഴ്സിയിൽ കളിച്ചു.

കഴിഞ്ഞ സീസൺ ഐപിഎൽ ലേലത്തിൽ നിന്ന് റൈറ്റ് ടു മാച്ച് കാർഡുപയോഗിച്ച് സ്റ്റോയിനിസിനെ സ്വന്തമാക്കാൻ 6.2 കോടി രൂപയായിരുന്നു പഞ്ചാബ് മുടക്കിയത്. എന്നാൽ സീസണിൽ പ്രതീക്ഷയ്ക്കൊത്തുയരാൻ സ്റ്റോയിനിസിന് കഴിഞ്ഞില്ല. ഇതോടെയാണ് ഇത്തവണ ‌താരത്തെ ബാംഗ്ലൂരിന് വിൽക്കാൻ പഞ്ചാബ് മാനേജ്മെന്റ് തീരുമാനിച്ചത്. സ്റ്റോയിനിസിന്‌ പകരം ബാംഗ്ലൂർ, പഞ്ചാബിന് വിട്ട് നൽകുന്ന മന്ദീ‌പ്‌സിംഗ്, മുൻപ് കിംഗ്സ് ഇലവൻ പഞ്ചാബിന്റെ തന്നെ താരമായിരുന്നു.