SHARE

കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായി ഇന്ത്യൻ ഇതിഹാസ താരം അനിൽ കുംബ്ലെയെ അവർ നിയമിച്ചത്. നേരത്തെ ഐപിഎൽ ടീമുകളായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളുടെ മെന്ററായി പ്രവർത്തിച്ചിട്ടുള്ള കുംബ്ലെയ്ക്ക്, ഐപിഎല്ലിലെ മോശം റെക്കോർഡിൽ നിന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെ പുറത്തെത്തിക്കാനാകുനമെന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്.

കുംബ്ലെയെ തങ്ങളുടെ പരിശീലക സംഘത്തിലെത്തിച്ച പഞ്ചാബ് ഇതിനൊപ്പം കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച രവിചന്ദ്രൻ അശ്വിനെ ഇത്തവണ മറ്റൊരു ടീമിനും വിട്ട് നൽകുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു‌. നേരത്തെ അശ്വിൻ ഡെൽഹി ക്യാപിറ്റൽസിലേക്ക് പോയെക്കുമെന്ന് വന്ന വാർത്തകളെ അപ്പാടി തള്ളിക്കൊണ്ട് പഞ്ചാബ് ടീമിന്റെ സഹ ഉടമയായ നെസ് വാഡിയയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം വരും സീസണിലും പഞ്ചാബിൽ തന്നെയുണ്ടാകുമെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്ത് അശ്വിൻ തുടരാൻ സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അശ്വിൻ ക്യാപ്റ്റനാകുമോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ തീർത്ത് പറയാനാകില്ലെന്നും, ഐപിഎല്ലിന് ഇനിയും അഞ്ച് മാസങ്ങൾ ബാക്കി നിൽക്കേ ഇപ്പോളേ ക്യാപ്റ്റനെ തീരുമാനിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കുംബ്ലെ പറഞ്ഞു.

വരും സീസണിൽ പഞ്ചാബിന്റെ നായകൻ ആരായിരിക്കുമെന്ന ചോദ്യത്തിന് കുംബ്ലെ മറുപടി നൽകിയത് ഇങ്ങനെ, ” അക്കാര്യത്തിൽ ഞങ്ങൾ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ചില കാര്യങ്ങൾ അന്തിമ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. പക്ഷേ അതിനുള്ള സമയം ഇപ്പോളല്ല. ഐപിഎല്ലിലേക്ക് ഇനിയും അഞ്ച് മാസ സമയം വേണം. ഇതിനിടയ്ക്ക് ഒരു ലേലം വരുന്നുണ്ട്. പുത്തനൊരു ടീമിനെ സ്വന്തമാക്കുകയാണ് അവിടെ തങ്ങളുടെ ലക്ഷ്യം. അശ്വിൻ മികച്ച താരമാണ്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചതും അദ്ദേഹമാണ്. പ്രതീക്ഷിച്ച ഫലം, പോയ സീസണിൽ കിട്ടിയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും വരും സീസണിൽ ടീമിനെ നയിക്കുന്നത് ആരാണെന്ന കാര്യത്തിൽ ഒരു തീരുമാനവമെടുത്തിട്ടില്ല.” കുംബ്ലെ പറഞ്ഞുനിർത്തി.