SHARE

രണ്ടു തവണ ഐ എസ് എല്‍ കിരീടം നേടിയ എ ടി കെ ടീമിലും അംഗമായിരുന്ന പ്രതിരോധതാരം കിനുഷ്‌ക്ക് ദേബ്‌നാഥ് ഈസ്റ്റ് ബംഗാളുമായി കരാറിലെത്തുന്നു. അടുത്ത സീസണില്‍ 33കാരനായ താരം ഈസ്റ്റ് ബംഗാളില്‍ കളിക്കുമെന്ന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മോഹന്‍ ബഗാന് വേണ്ടിയും ദേബ്‌നാഥ് കളിച്ചിട്ടുണ്ട്.

ആദ്യ മൂന്നു ഐ എസ് എല്‍ സീസണുകളില്‍ എ ടി കെ ജഴ്‌സിയണിഞ്ഞ ദേബ്‌നാഥ് 17 മത്സരങ്ങളാണ് കളിച്ചത്. 2014ലും 2016ലും എ ടി കെക്കൊപ്പം ഐ എസ് എല്‍ കിരീടം നേടി. മോഹന്‍ ബഗാനും എ ടി കെക്കും പുറമേ, കൊല്‍ക്കത്തന്‍ ക്ലബുകളായ ടെക്‌നോ ആര്യന്‍, യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്, മുഹമ്മദന്‍ സ്‌പോര്‍ടിംഗ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചു.

പ്രതിരോധത്തില്‍ നിന്ന് അര്‍ണബ് മൊണ്ടലും ഗുര്‍വീന്ദര്‍ സിംഗും ടീം വിട്ടതോടെയാണ് 7 സീസണുകളിൽ ബഗാന് വേണ്ടി കളിച്ച താരത്തെ ഈസ്റ്റ് ബംഗാൾ പരിഗണിക്കുന്നത്. മൊണ്ടല്‍ എ ടി കെയിലേക്കും ഗുര്‍വീന്ദര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കുമാണ് കൂറുമാറിയത്. ഐ ലീഗില്‍ ഇത്തവണ നാലാം സ്ഥാനത്തെത്തിയ ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ബെംഗളുരു എഫ് സിയോട് പരാജയപ്പെട്ടിരുന്നു.