SHARE

ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നാണം കെട്ടതിന് പുറമെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ഒന്നാം ടി20 മത്സരത്തിലും വെസ്റ്റിന്‍ഡീസിന് തോല്‍വി. 47 റണ്‍സിനാണ് കിവികള്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് വിട്ടത്. 20 ഓവറില്‍ 188 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിന്‍ഡീസ് ബാറ്റിംഗ് നിര 140 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 27 റണ്‍സസെടുത്ത ആന്‍ഡ്രെ ഫ്‌ളെച്ചര്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ തുടക്കത്തിലേ നഷ്ടമായി. എന്നാല്‍ പിന്നീട് തകര്‍ത്തടിച്ച കോളിന്‍ മണ്‌റോയുടെയും വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെയും മികവില്‍ 187-7 എന്ന മികച്ച സ്‌കോര്‍ നേടുകയായിരുന്നു. മണ്‌റോ 53 റണ്‍സും ഫിലിപ്‌സ് 55 റണ്‍സുമാണ് നേടിയത്. കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലന്‍ഡനെ അവസാന ഓവറുകളില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ പിടിച്ച് കെട്ടുകയായിരുന്നു. ജെറോം ടെയ്‌ലറും കാര്‍ലോസ് ബ്രാത്ത്‌വൈറ്റും വിന്‍ഡീസിന് വേണ്ടി രണ്ടു വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. കൂറ്റനടികള്‍ക്ക് പേര് കേട്ട ക്രിസ് ഗെയ്ല്‍ 12 റണ്‍സെടുത്ത് ന്യൂസിലാന്റ് ബൗളര്‍ സേത് റാന്‍സിന് വിക്കറ്റ് സമ്മാനിച്ചു. പിന്നീട് കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് 14 പന്തില്‍ 21 റണ്‍സ് നേടി ടീമിന് അല്‍പ്പം പ്രതീക്ഷ നല്‍കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ന്യൂസിലാന്‍ഡിന് വേണ്ടി ടി സൗത്തിയും സാത് റേന്‍സും മൂന്നു വിക്കറ്റുകള്‍ വീതം നേടി.