SHARE

ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളെന്ന റെക്കോർഡ് ഇനി ന്യൂസിലൻഡ് താരങ്ങളായ ജോ കാർട്ടറിനും, ബ്രെട്ട് ഹാമ്പ്ടണും സ്വന്തം. കഴിഞ്ഞ ദിവസം ന്യൂസിലൻഡിൽ നടന്ന ഫോർഡ് ട്രോഫി മത്സരത്തിൽ സെൻട്രൽ ഡിസ്ട്രിക്ടിനെതിരെ കളിക്കുമ്പോളായിരുന്നു നോർത്തേൺ ഡിസ്ട്രിക്ട് താരങ്ങളായ കാർട്ടറും, ഹാമ്പ്ടണും ചേർന്ന് ക്രിക്കറ്റിലെ പുതുചരിത്രമെഴുതിയത്.

സെൻട്രൽ ഡിസ്ട്രിക്ടിന്റെ ഫാസ്റ്റ് ബോളറായ വില്ല്യം ലുഡിക്കിന്റെ പത്താം ഓവറിൽ 43 റൺസ് നേടിയാണ് ന്യൂസിലൻഡ് ജോഡി പുതിയ റെക്കോർഡ് കുറിച്ചത്. സിംബാബ്‌വെ താരമായിരുന്ന എൽട്ടൺ ചിഗുംബുറയുടെ പേരിലായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ്. ധാക്ക പ്രീമിയർ ലീഗിൽ ഷെയിഖ് ജമാൽധാൻ മൊണ്ടി ടീമിന് വേണ്ടി, അബഹാനി ലിമിറ്റഡിനെതിരെ കളിക്കുമ്പോൾ ഒരോവറിൽ 39 റൺസ് താരം നേടിയിരുന്നു.

ലോകറെക്കോർഡായ 43 റൺസ് പിറന്ന ഓവർ എറിയാനെത്തുന്നതിന് മുൻപ് 9 ഓവറിൽ 42 റൺസ് മാത്രമായിരുന്നു വില്ല്യം ലൂഡിക്ക് വിട്ട് നൽകിയിരുന്നത്. എന്നാൽ താരത്തിന്റെ 10 ഓവർ കഴിഞ്ഞപ്പോൾ വഴങ്ങിയ റൺ ഒറ്റയടിക്ക് ഇരട്ടിയായി. രണ്ട് നോബോളുകളാണ് ഈ ഓവറിൽ ലൂഡിക്ക് എറിഞ്ഞത്. നോബോളുകൾ ഉൾപ്പെടെ മൊത്തം 8 പന്തുകൾ എറിഞ്ഞ ഓവറിൽ താരം വഴങ്ങിയത് 6 സിക്സറുകളും ഒരു ഫോറും, ഒരു സിംഗിളുമായിരുന്നു.