അങ്ങ് മെല്‍ബണില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയന്‍ തോല്‍വി മഴ കുറച്ചുനേരത്തേക്കെങ്കിലും വൈകിപ്പിച്ചു. എന്നാല്‍ മൈലുകള്‍ക്കിപ്പുറം ക്രൈസ്റ്റ്ചര്‍ച്ചില്‍ മഴപോലും ശ്രീലങ്കന്‍ തോല്‍വിയില്‍ സഹായത്തിന് എത്തിയില്ല. 423 റണ്‍സിന്റെ റിക്കാര്‍ഡ് ജയത്തോടെ ന്യൂസിലന്‍ഡ് രണ്ടുമത്സരങ്ങളുടെ പരമ്പര 1-0ത്തിന് സ്വന്തമാക്കി. ടിം സൗത്തിയാണ് കളിയിലെ താരം. കിവികളുടെ റണ്‍സ് അടിസ്ഥാനത്തിലുള്ള വലിയ ജയമാണിത്. സ്‌കോര്‍ ന്യൂസിലന്‍ഡ് 178, 585-4, ശ്രീലങ്ക 104, 236.
തുടര്‍ച്ചയായി നാലാം ടെസ്റ്റ് പരമ്പരയാണ് കെയ്ന്‍ വില്യംസണും സംഘവും സ്വന്തമാക്കുന്നത്. അഞ്ചാംദിനത്തില്‍ മിനിറ്റുകള്‍ മാത്രമാണ് ലങ്കന്‍ പോരാട്ടം നീണ്ടുനിന്നത്. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസ് ബാറ്റിംഗിന് ഇറങ്ങിയതുമില്ല. കുശാല്‍ മെന്‍ഡിസ് (67), ദിനേഷ് ചണ്ഡിമല്‍ (56) എന്നിവരിലൊതുങ്ങി ലങ്കന്‍ പ്രതിരോധം. നീല്‍ വാഗ്നര്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് മൂന്നുവിക്കറ്റുമായി തിളങ്ങി.
ആദ്യ ഇന്നിംഗ്‌സില്‍ കിവികളെ 178 റണ്‍സില്‍ ഒതുക്കിയ ലങ്കയ്ക്ക് പക്ഷേ ബാറ്റിംഗില്‍ അടിമുടി പിഴച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് കൂറ്റന്‍ സ്‌കോര്‍ നേടിയതോടെ പരാജയം ഉറപ്പിച്ചിരുന്നു. ഈ കലണ്ടര്‍ വര്‍ഷം തുടര്‍ച്ചയായ പരമ്പര തോല്‍വികളാണ് ലങ്ക നേരിട്ടത്.