SHARE

കായികലോകത്ത് അടുത്തകാലത്ത് വലിയ വിവാ​ദമായ ഒന്നാണ് 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ. ന്യൂസിലൻഡും ഇം​ഗ്ലണ്ടും തമ്മിലേറ്റുമുട്ടിയ ഫൈനൽ പോരാട്ടം സമനിലയിലാണ് അവസാനിച്ചത്. ഇതോടെ സൂപ്പർ ഓവർ കളിച്ചെങ്കിലും അവിടേയും സ്കോർ തുല്യമായി. ഇതോടെ കൂടുതൽ ബൗണ്ടറി നേടിയ ടീമായ ഇം​ഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.

ഐ.സി.സിയുടെ ഈ നിയമത്തിനെതിരെ വലിയ എതിർപ്പുമയർന്നു. ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം യൂറോ കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഇം​ഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ന്യൂസിലൻഡ് താരങ്ങൾ രം​ഗത്തെത്തി. ഇറ്റലിയും ഇം​ഗ്ലണ്ടും തമ്മിലുള്ള ഫൈനൽ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായി. ഇതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിലാണ് ഇറ്റലി ജേതാക്കളായത്. ഇം​ഗ്ലണ്ട് തോൽവി നേരിട്ടതോടെ കിവിസിന്റെ താരമായ ജിമ്മി നീഷാമും മുൻ താരം സ്കോട് സ്റ്റൈറിസുമാണ് ട്വിറ്ററിലൂടെ പരിഹാസം ചൊരിഞ്ഞത്.

എന്തിനാണ് പെനാൽറ്റി ഷൂട്ടൗട്ട്, കൂടുതൽ പാസ് ചെയ്ത ടീമിനെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്. പഴയ ബൗണ്ടറി നിയമത്തെ കളിയാക്കിയായിരുന്നു നീഷാമിന്റെ ട്വീറ്റ്. എന്നാൽ ട്രോളിയതിനിടയ്ക്ക് മത്സരത്തിൽ കൂടുതൽ പാസ് ചെയ്തത് ഇറ്റലിയാണെന്ന് നീഷാം മറന്നുപോയി.

അതേസമയം നീഷാമിന്റെ ട്വീറ്റിന് പിന്നാലെയായിരുന്നു മുൻ ഔൾറൗണ്ടർ സ്റ്റൈറിസിന്റെ ട്രോൾ. മത്സരത്തിൽ കൂടുതൽ കോർണർ കിക്കെടുത്തത് ഇം​ഗ്ലണ്ടാണ്, അതുകൊണ്ട് അവരാണ് ചാമ്പ്യന്മാർ, എന്തുകൊണ്ട് അവർ പരാജയപ്പെട്ടുവെന്നെനിക്ക് മനസിലാകുന്നില്ല, എന്നായിരുന്നു സ്റ്റൈറിസ് ട്വീറ്റ് ചെയ്തത്.