SHARE

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിൽ ന്യൂസിലൻഡിന് 253 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്നിം​ഗ്സവസാനിക്കാൻ ഒരു പന്ത് ശേഷിക്കെ 252 റൺസിന് ഓൾഔട്ടായി. തുടക്കം തകർന്ന ഇന്ത്യയെ രക്ഷിച്ചത് അമ്പാട്ടി റായിഡുവും അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർദിക്ക് പാണ്ഡ്യയും ചേർന്നാണ്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിക്കുന്ന തുടക്കമായിരുന്നു മത്സരത്തിന്. സ്കോർ 20 റൺസ് തികയുന്നതിന് മുമ്പ് തന്നെ ഇന്ത്യയുടെ നാല് വിക്കറ്റും പോയി. ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ, ശുഭ്മൻ ​ഗിൽ, മഹേന്ദ്ര സിങ് ധോണി എന്നിവരാണ് രണ്ടക്കം കാണുന്നതിന് മുമ്പ് പുറത്തായത്. തുടർന്ന് വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് റായിഡു ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് നൂറ് തികയ്ക്കുന്നതിന് രണ്ട് റൺസകലെ 45 റൺസുമായി ശങ്കർ പുറത്തായി

പിന്നീട് കേദാർ ജാദവിനെ കൂട്ടുപിടിച്ചായിരുന്നു റായിഡുവിന്റെ രക്ഷാപ്രവർത്തനം. സ്കോർ 190-ൽ നിൽക്കെ 90 റൺസെടുത്ത റായിഡുവിനെ മാറ്റ് ഹെന്റി പുറത്താക്കി. 113 പന്തുകളിൽ എട്ട് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു റായിഡുവിന്റെ ഇന്നിം​ഗ്സ്. സ്കോർ 203-ൽ എത്തിയപ്പോൾ 34 റൺസെടുത്ത ജാദവിനേയും ഹെന്റി തന്നെ പുറത്താക്കി. തുടർന്നായിരുന്നു ഹർദിക് പാണ്ഡ്യയുടെ വെടിക്കെട്ട്.

ടോഡ് ആസിലിന്റെ ഒരോവറിൽ നേടിയ മൂന്ന് സികസ്ടക്കം, അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 22 പന്തുകളിൽ 45 റൺസാണ് പാണ്ഡ്യ നേടിയത്. ഇന്നിം​ഗ്സിൽ ഒരോവർ ബാക്കിനിൽക്കെ ജെയിംസ് നീഷാം പാണ്ഡ്യയെ പുറത്താക്കി. കിവീസിനായി മാറ്റ് ഹെന്റി നാല് വിക്കറ്റുകൾ വീഴ്ത്തി. ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റും വീഴ്ത്തി.