SHARE

ഉഗാണ്ടൻ മധ്യനിര താരം കെസിറോൺ കിസിറ്റോ, എട്ടാം വിദേശ താരമായി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലെത്തി. ടീമിനൊപ്പം ചേർന്നെങ്കിലും പക്ഷെ കളത്തിലിറങ്ങാൻ കിസിറ്റോയ്ക്ക് വരുന്ന ജനുവരി വരെ കാത്തിരിക്കേണ്ടി വരും. കളികാർക്കായുള്ള വിപണി ജാലകം തുറക്കുന്നതിനായിട്ടാണ് ഇത്.

ഒരു ഐ എസ് എൽ ടീമിൽ പരമാവധി ഉൾക്കൊള്ളിക്കാവുന്ന വിദേശ താരങ്ങളുടെ എണ്ണം എട്ടാണ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഏഴ് പേർ മാത്രമാണ് വിദേശ താരങ്ങളായിട്ടുണ്ടായിരുന്നത്. ശേഷിച്ച ഒരു താരത്തിന്റെ ഒഴിവിലേക്കാണ് ഇരുപത്തിമൂന്നുകാരൻ കിസിറ്റോയുടെ വരവ്.

ആക്രമിച്ച് കളിക്കുന്ന മധ്യനിര താരമായ കിസിറ്റോ 2015 ലാണ് ഉഗാണ്ടൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ദേശീയ ടീമിനായി ഇത് വരെ നാലു മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. സൂപ്പർ താരങ്ങളുണ്ടായിട്ടും ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് കിസിറ്റോയുടെ വരവ് കരുത്താകും. സീസണിൽ രണ്ട് മത്സരങ്ങളിൽ കളിച്ച കേരളത്തിന് ഒരു ഗോൾപോലും സ്കോർ ചെയ്യാനായിരുന്നില്ല. ഉഗാണ്ടൻ താരത്തിന്റെ വരവ് ഇതിനെ ഒരു പരിധി വരെ മറികടക്കാൻ സഹായിക്കും എന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷയും.