SHARE

കൊല്‍ക്കത്തയില്‍ പട നയിച്ചെത്തിയ ഗൗതം ഗംഭീറിന്റെ ഡെല്‍ഹി ഡൈനാമോസിന് ദയനീയ തോല്‍വി. 71 റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ജയം. 201 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡെല്‍ഹി 14.2 ഓവറില്‍ വെറും 129 റണ്‍സിന് പുറത്തായി. 26 പന്തില്‍ 43 റണ്‍സെടുത്ത റിഷാഭ് പന്തും 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ് കുറച്ചെങ്കിലും പോരാട്ടവീര്യം പുറത്തെടുത്തത്. കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവും സുനില്‍ നരെയ്‌നും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ കൊല്‍ക്കത്ത 200-9, ഡെല്‍ഹി 129.

വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡെല്‍ഹിക്ക് മൂന്നോവറില്‍ തന്നെ മൂന്ന് മുന്‍നിരക്കാരെ നഷ്ടമായി. പന്തും മാക്‌സ്‌വെല്ലും പൊരുതിയെങ്കിലും കൊല്‍ക്കത്തന്‍ സ്പിന്നര്‍മാരുടെ മികവിനു മുന്നില്‍ ആവശ്യമായ റണ്‍നിരക്ക് കണ്ടെത്താന്‍ അവര്‍ക്കായില്ല. നേരത്തെ ടോസിലെ ഭാഗ്യം കിട്ടുന്നവര്‍ ആദ്യം ഫീല്‍ഡ് ചെയ്യുന്ന പതിവ് കാഴ്ച്ചയാണ് ഈഡന്‍ ഗാര്‍ഡന്‍സിലും കണ്ടത്. മുന്‍ സീസണുകളില്‍ കൊല്‍ക്കത്തയെ നയിച്ച ഗൗതം ഗംഭീര്‍ എതിര്‍ പടനായകനായി ഈഡനില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങിയ സുനില്‍ നരെയ്‌ന്റെ (1) വിക്കറ്റ് വീഴുന്നതു കണ്ടാണ് ഗ്യാലറികള്‍ ഉണര്‍ന്നത്. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഏഴു റണ്‍സ് മാത്രം.

ക്രിസ് ലിന്നിന് കൂട്ടായെത്തിയ റോബിന്‍ ഉത്തപ്പ തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു. മൂന്നു സിക്‌സറുകളും രണ്ടു ഫോറും പിറന്ന ഇന്നിംഗ്‌സിന് പക്ഷേ 19 പന്ത് മാത്രമായിരുന്നു ആയുസ്. 35 റണ്‍സെടുത്ത ഉത്തപ്പയെ വീഴ്ത്തിയത് ഷഹ്ബാസ് നദീമാണ്. തൊട്ടുപിന്നാലെ ലിന്നും (31) മടങ്ങി. കാര്യമായ സംഭാവന നല്കാതെ ദിനേഷ് കാര്‍ത്തിക്കും (19) കൂടാരം കയറിയതോടെ നാലിന് 117 റണ്‍സെന്ന നിലയിലായി കൊല്‍ക്കത്ത.

വെടിക്കെട്ടുവീരന്‍ ആന്ദ്രെ റസല്‍ ക്രീസിലെത്തിയതോടെ ആതിഥേയരുടെ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചു. മുഹമ്മദ് ഷാമി എറിഞ്ഞ പതിനഞ്ചാം ഓവറില്‍ മൂന്നു സിക്‌സറടക്കം റസല്‍ അടിച്ചെടുത്തത് 22 റണ്‍സ്. പിന്നാലെ റസല്‍ കത്തിക്കയറിയതോടെ കൊല്‍ക്കത്ത എക്‌സ്പ്രസ് വേഗത്തിലായി. 12 പന്തില്‍ ആറു സിക്‌സറടക്കം 41 റണ്‍സെടുത്ത റസലിനെ ബോള്‍ട്ടാണ് പുറത്താക്കുന്നത്. 22 പന്തില്‍ 61 റണ്‍സാണ് റാണയും റസലും കൂട്ടിച്ചേര്‍ത്തത്.