SHARE

ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്വസ് കാലീസും, സഹപരിശീലക സ്ഥാനത്ത് നിന്ന് സൈമൺ കാറ്റിച്ചും പടിയിറങ്ങി. വരും സീസൺ മുതൽ പുതിയ പരിശീലകർക്ക് കീഴിലാകും കൊൽക്കത്ത കളിക്കുക. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്. അതേ സമയം ഇവർക്ക് പകരക്കാർ ആരായിരിക്കുമെ‌‌ന്ന് കൊൽക്കത്ത ഫ്രാഞ്ചൈസി ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

2011 ൽ‌ കളികാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ കാലീസ് കളികാരനായും, കോച്ചായും 9 വർഷം ടീമിനൊപ്പം സേവനം അനുഷ്ഠിച്ച ശേഷമാണ് ഇപ്പോൾ പടിയിറങ്ങിയിരിക്കുന്നത്. 2015 ലാണ് അദ്ദേഹം അവരുടെ പരിശീലക‌സ്ഥാനത്തേക്ക് എത്തുന്നത്. പിന്നാലെ കാറ്റിച്ചും കൊൽക്കത്തയിൽ കാലീസിനെ സഹായിക്കാനെത്തി. ഇവർക്ക് കീഴിൽ കളിച്ച 61 മത്സരങ്ങളിൽ 32 എണ്ണത്തിൽ കൊൽക്കത്ത വിജയം നേടി. തുടർച്ചയായി മൂന്ന്‌ സീസണുകളിൽ പ്ലേ ഓഫിലെത്താനും കൊൽക്കത്തയ്ക്ക് ഈ സമയം കഴിഞ്ഞു.