SHARE

ലോകക്രിക്കറ്റിലെ ഏറ്റവും അക്രമണകാരിയായ ബാറ്റ്സ്മാന്മാരിലൊരാളാണ് വെസ്റ്റിൻഡീസിന്റെ ആന്ദ്രെ റസൽ. ബോളർമാരുടെയെല്ലാം പേടിസ്വപ്നമായ ഈ സിക്സടി വീരൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. 2014 മുതൽ കൊൽക്കത്തയ്ക്കൊപ്പമുള്ള റസൽ, ടീമിന് വേണ്ടി കഴിഞ്ഞ‌സീസണുകളിൽ മാസ്മരിക പ്രകടനമാണ് കാഴ്ച വെച്ചത്.

ഇപ്പോളിതാ താൻ കൊൽക്കത്തയെ നയിച്ച 7 സീസണുകളിലും റസൽ ടീമിലുണ്ടായിരുന്നെങ്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയേനെ എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്‌ അവരുടെ മുൻ നായകൻ ഗൗതം ഗംഭീർ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയിൽ പങ്കെടുക്കുമ്പോളായിരുന്നു ഗംഭീർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “ഞാൻ കൊൽക്കത്തയെ നയിച്ച 7 സീസണുകളിലും റസൽ ടീമിലുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു. അങ്ങനെയെങ്കിൽ കൊൽക്കത്ത ഒന്നോ, രണ്ടോ ഐപിഎൽ കിരീടങ്ങൾ കൂടി നേടിയേനെ‌.”

അതേ സമയം 2011 മുതൽ 2017 വരെയുള്ള 7 സീസണുകളിലായിരുന്നു ഗംഭീർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത്. 2012 ലും 2014 ലും ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2014 ൽ കൊൽക്കത്തയിലെത്തിയ റസലാകട്ടെ 3 സീസണുകളിൽ മാത്രമാണ് ഗൗതം ഗംഭീറിന് കീഴിൽ അവിടെ കളിച്ചത്. ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടതിനെത്തുടർന്ന് വിലക്ക് ലഭിച്ചതിനാൽ 2017 ൽ അദ്ദേഹത്തിന് ഐപിഎല്ലിൽ കളിക്കാനായിരുന്നില്ല.