SHARE

ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ കെ എൽ രാഹുലാകും, രോഹിത് ശർമ്മക്കൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യുകയെന്ന് സൂചന. മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറാകുമെന്ന് കരുതപ്പെട്ടിരുന്ന മയങ്ക് അഗർവാൾ പരിശീലനത്തിനിടെ കൺകഷൻ സംഭവിച്ച് ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായതിനാലാണ് രാഹുലിന് ടീമിലേക്ക് നറുക്ക് വീഴുന്നത്. മധ്യനിരയിലെ ബാക്കപ്പ് ഓപ്ഷനായി പരമ്പരക്കെത്തിയ രാഹുലിന് തീർത്തും അപ്രതീക്ഷിതമായാണ് ഇപ്പോൾ ഓപ്പണിംഗിലേക്ക് വിളിയെത്താനുള്ള സാധ്യത ഒരുങ്ങിയിരിക്കുന്നത്.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ രാഹുൽ തന്നെയാകും മയങ്ക് അഗർവാളിന് പകരം ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തിറങ്ങുക എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ടീം മാനേജ്മെന്റ് ഇതു വരെ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൗണ്ടി സെലക്ട് ഇലവനെതിരെ നടന്ന ത്രിദിന പരിശീലന മത്സരത്തിൽ മധ്യനിരയിൽ ബാറ്റിംഗിനിറങ്ങി തകർപ്പൻ സെഞ്ചുറി നേടിയിരുന്ന രാഹുലിന്റെ മികച്ച ഫോമും ഇന്ത്യക്ക് വലിയ ആവേശം നൽകുന്നതാണ്. അഭിമന്യു ഈശ്വരൻ, ഹനുമ വിഹാരി എന്നീ താരങ്ങളും ഓപ്പണിംഗിൽ കളിപ്പിക്കാൻ കഴിയുന്നവരാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കെ എൽ രാഹുലിന് തന്നെ ഈ സ്ഥാനത്തേക്ക് നറുക്ക് വീഴുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്ന ട്രെന്റ് ബ്രിഡ്ജിലെ പിച്ച് പേസർമാരെ പിന്തുണക്കുന്നതാണെന്നാണ് സൂചനകൾ. അത് കൊണ്ടു തന്നെ ഇക്കഴിഞ്ഞ സീസണിൽ ഇന്ത്യക്കായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച മൊഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പേസിനെ അനുകൂലിക്കുന്ന സാഹചര്യങ്ങളായതിനാൽ ഒരു സ്പിന്നറെ മാത്രം പ്ലേയിംഗ് ഇലവനിൽ അണിനിരത്താനാകും ഇന്ത്യ താല്പര്യപ്പെടുകയെന്നും അങ്ങനെയാണെങ്കിൽ സീനിയർ ഓഫ് സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ തന്നെയാകും ആദ്യ ടെസ്റ്റിൽ കളിക്കുകയെന്നുമാണ് റിപ്പോർട്ട്‌.