SHARE

പതിനൊന്നാം സീസണ്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നിരാശപ്പെടുത്തിയെങ്കിലും ഓപ്പണര്‍ കെ എല്‍ രാഹുല്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 6 വിജയം നേടിയ പഞ്ചാബ് ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു. എന്നാല്‍ ടീമിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച രാഹുല്‍ റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനം നേടി. 158.41 പ്രഹര ശേഷിയില്‍ 659 റണ്‍സാണ് താരം നേടിയത്.

ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് താന്‍ പണ്ടു മുതലേ ആസ്വദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രാഹുല്‍ ഇപ്പോള്‍. ‘ ടിവിയില്‍ കളി കാണുമ്പോഴെല്ലാം മഹി ഭായിയുടെ ബാറ്റിംഗ് ഞാന്‍ ആസ്വദിച്ചിരുന്നു, അദ്ദേഹം നേടുന്ന ഓരോ സിക്‌സറുകളും വളരെ മനോഹരമായിരുന്നു, അതെല്ലാം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്, ഐ പി എല്ലില്‍ അദ്ദേഹം നായകനായി തിരിച്ചു വന്നതും കിരീടം നേടിയതും വലിയ കാര്യമാണ്’ – രാഹുല്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഐ പി എല്‍ കിരീടം നേടിയത്. മൂന്നാം കിരീടനേട്ടത്തില്‍ ധോണി ബാറ്റിംഗിലും ഫോമിലേക്കെത്തിയത് ചെന്നൈയ്ക്ക് വലിയ ആശ്വാസമായിരുന്നു. 16 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സാണ് ധോണി സീസണില്‍ നേടിയത്.