SHARE

വെസ്റ്റിൻഡീസിനെതിരെ നാളെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുലിനെ കാത്തിരിക്കുന്നത് അന്താരാഷ്ട്ര ടി20യിലെ തകർപ്പൻ നേട്ടങ്ങളിലൊന്ന്. നാളെ നടക്കുന്ന മത്സരത്തിൽ 26 റൺസ് നേടാൻ കഴിഞ്ഞാൽ അന്താരാഷ്ട്ര ടി20 യിൽ 1000 റൺസെന്ന നേട്ടം രാഹുലിന് സ്വന്തമാകും‌. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമായും രാഹുൽ മാറും.

രോഹിത് ശർമ്മ, വിരാട് കോഹ്ലി, എം എസ് ധോണി, സുരേഷ് റെയ്ന, ശിഖർ ധവാൻ, യുവരാജ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ 1000 റൺസ് നേടിയിട്ടുള്ള താരങ്ങൾ. നാളത്തെ മത്സരത്തിൽ ഈ നേട്ടത്തിലെത്താൻ കഴിഞ്ഞാൽ ഏറ്റവും വേഗം 1000 അന്താരാഷ്ട്ര ടി20 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും രാഹുൽ മാറും. 27 ഇന്നിംഗ്സുകളിൽ 1000 റൺസ് തികച്ച വിരാട് കോഹ്ലിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. നിലവിൽ 28 ഇന്നിംഗ്സുകളിൽ 974 റൺസാണ് അന്താരാഷ്ട്ര ടി20യിൽ രാഹുലിന്റെ സമ്പാദ്യം.

ഹൈദരാബാദിലാണ് നാളെ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഡിസംബർ എട്ടാം തീയതി തിരുവനന്തപുരത്ത് രണ്ടാം മത്സരവും,ഡിസംബർ പന്ത്രണ്ടാം തീയതി മുംബൈയിൽ മൂന്നാം മത്സരവും നടക്കും.