SHARE

ടി20 യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ കെ എൽ രാഹുൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ക്രിക്കറ്റ് ലോകം ക‌ണ്ടു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ താരം, ഇന്നലെ നടന്ന മൂന്നാം ടി20 യിലും അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ഡ്രെസ്സിംഗ് റൂമിൽ തിരിച്ചെത്തി. ഇതോടെ ടി20 ക്രിക്കറ്റിലെ നാണം കെട്ട റെക്കോർഡുകളിലൊന്നും രാഹുലിന്റെ പേരിലായി.

തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ടി20 യിൽ ഏറ്റവും കൂടുതൽ തവണ ഡക്കിൽ പുറത്താവുന്ന ഇന്ത്യൻ ഓപ്പണറായി രാഹുൽ മാറി. ഓപ്പണിംഗിറങ്ങിയ മത്സരങ്ങളിൽ നാല് തവണ പൂജ്യത്തിന് പുറത്തായാണ് രാഹുൽ ഈ നാണം കെട്ട റെക്കോർഡ് തന്റെ പേരിലാക്കിയത്. ടീമിൽ രാഹുലിന്റെ സഹ ഓപ്പണറായ രോഹിത് ശർമ്മയും 4 ഡക്കുകളോടെ ഇക്കാര്യത്തിൽ അദ്ദേഹത്തിന് കൂട്ടുണ്ട്.

അതേ സമയം രണ്ടാം മത്സരത്തിലും അക്കൗണ്ട് തുറക്കാതെ പുറത്തായ രാഹുൽ ഒരു ടി20 പരമ്പരയിലോ, ടൂർണമെന്റിലോ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ ബാറ്റ്സ്മാനായും മാറി (2 തവണ). ആശിഷ് നെഹ്റ, അമ്പാട്ടി റായുഡു എന്നിവരും ഇക്കാര്യത്തിൽ രാഹുലിന് ഒപ്പമുണ്ട്.

നിലവിൽ ഐസിസിയുടെ ടി20 റാങ്കിംഗിൽ മൂന്നാംസ്ഥാനത്തുള്ള ബാറ്റ്സ്മാനാണ് കെ എൽ രാഹുൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ദയനീയ ഫോമിലൂടെ കടന്ന് പോകുന്ന താരം ആദ്യ 3 മത്സരങ്ങളിൽ നിന്ന് ഒരു റൺ മാത്രമാണ് നേടിയിട്ടുള്ളത്.