SHARE

കഴിഞ്ഞ വർഷം യുഎഇ യിൽ നടന്ന പതിമൂന്നാം എഡിഷൻ ഐപിഎല്ലിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമായിരുന്നു വലം കൈയ്യൻ ലെഗ് സ്പിന്നറായ രവി ബിഷ്ണോയ്. എന്നാൽ ഇക്കുറി ടീം കളിച്ച ആദ്യ 4 മത്സരങ്ങളിലും ബിഷ്ണോയിക്ക് പ്ലേയിംഗ് ഇലവനിൽ സ്ഥാനം നൽകാൻ പഞ്ചാബ് തയ്യാറായിരുന്നില്ല.

ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന തങ്ങളുടെ അഞ്ചാം മത്സരത്തിൽ ബിഷ്ണോയിയെ പഞ്ചാബ് ടീമിലെടുക്കുകയും മത്സരത്തിൽ 21 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി താരം മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെക്കുകയുമായിരുന്നു. മുംബൈക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കവെ ബിഷ്ണോയിയെ ആദ്യ മത്സരങ്ങളിൽ ഇക്കുറി പുറത്തിരുത്തിയത് എന്തു കൊണ്ടാണെന്ന് പഞ്ചാബ് നായകൻ കെ എൽ രാഹുൽ വ്യക്തമാക്കി.

തന്റെ ബോളിംഗിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നതിനായി അനിൽ കുംബ്ലെക്കൊപ്പം പ്രവർത്തിക്കുകയായിരുന്നു ബിഷ്ണോയിയെന്നും അതിനാലാണ് സീസണിലെ തുടക്ക മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായതെന്നുമാണ് രാഹുൽ പറയുന്നത്.”നിർഭാഗ്യവാശാൽ ആദ്യ കുറച്ച് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ചില കാര്യങ്ങൾ തന്റെ ബോളിംഗിൽ അദ്ദേഹത്തിന് തിരുത്തേണ്ടതായുണ്ടായിരുന്നു. അതിന് അനിൽ ഭായിക്കൊപ്പം ചേർന്ന് അദ്ദേഹം കഠിനാധ്വാനം ചെയ്യുകയായിരുന്നു.അവൻ ധീരനാണ്. ഒരു ‌സ്പിന്നർ അങ്ങനെയുള്ളത് വളരെ നല്ലതാണ്.” രാഹുൽ പറഞ്ഞു നിർത്തി.