ഇപ്പോൾ മുതൽ നമ്മൾ സംശയാലുക്കളിൽ നിന്ന് ഉറച്ചവിശ്വാസികളായി മാറിത്തുടങ്ങണം, ലിവർപൂൾ പരിശീലകനായി ചുമതലയേറ്റശേഷം ആരാധർക്ക് യുർഗൻ ക്ലോപ്പ് നൽകിയ ആദ്യ സന്ദേശങ്ങളിലൊന്നായിരുന്നു ഇത്. ക്ലബിന്റെ യൂറോപ്പാ ലീഗ് സാധ്യത പോലും സംശയമായിരുന്നപ്പോഴാണ് ക്ലോപ്പ് ഇക്കാര്യം പറഞ്ഞത്. അത് വെറുമൊരു പറച്ചിൽ മാത്രമായിരുന്നില്ല എന്ന് ഇപ്പോൾ തെളിയുന്നു.
ബ്രണ്ടൻ റോഡ്ജേഴ്സിന്റെ പകരക്കാരനായി ക്ലോപ്പ് 2015 ഒക്ടോബറിൽ ലിവർപൂളിലെത്തുമ്പോൾ ക്ലബിന്റെ സ്ഥാനം പോയിന്റ് പട്ടികയിൽ പത്താമതായിരുന്നു. ഈ ദൗത്യം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഒരു നാടിന്റെ മുഴുവൻ കാത്തിരിപ്പിന് ഫലം നൽകുകയാണ് ക്ലോപ്പെന്ന ജെർമൻ പരിശീലകൻ. ഇന്നലത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി തോൽപ്പിച്ചതോടെയാണ് ഏഴ് മത്സരങ്ങൾ ശേഷിക്കെ ആദ്യ പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ ഉറപ്പിക്കുന്നത്. ഇതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയ ചരിത്രമാണുള്ളത്.
തന്റെ ആദ്യ സീസണിൽ തന്നെ ലിവർപൂളിനെ ലീഗ് കപ്പിലും യൂറോപ്പാ ലീഗിലും ഫൈനലിലെത്തിക്കാൻ ക്ലോപ്പിനായി. എന്നാൽ പ്രീമിയർ ലീഗിൽ പത്താം സ്ഥാനം എന്നത് എട്ടാം സ്ഥാനമായി ഉയർത്താനെ ക്ലോപ്പിനായുള്ളു. എന്നാൽ ഇതൊരു തുടക്കമായിരുന്നു. സീസണൊടുവിൽ ക്ലോപ്പിനും സംഘത്തിനും ആറ് വർഷത്തേക്ക് കരാർ നീട്ടിനൽകി.
തൊട്ടടുത്ത 2016-17 സീസണിൽ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ലിവർപൂൾ ഒരിടവേളയ്ക്ക് ശേഷം ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തി. ഈ കരുത്തിൽ 2017-18 സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ ലിവർപൂൾ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എന്നാൽ ചാമ്പ്യൻസ് ലീഗിലെ കുതിപ്പാണ് ഞെട്ടിച്ചത്. പതിനൊന്ന് വർഷത്തിന് ശേഷം ലിവർപൂൾ യൂറോപ്യൻ കിരീടപ്പോരാട്ടത്തിന്റെ ഫൈനലിലെത്തി. അവിടെ റയൽ മഡ്രിഡിനോട് തോറ്റെങ്കിലും ലിവർപൂൾ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു.
2018-19 സീസണിൽ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത വെല്ലുവിളിയാണ് ലിവർപൂൾ ഉയർത്തിയത്. ഇഞ്ചോടിഞ്ച് പൊരുതി ഒടുവിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ അവർ കീഴടങ്ങി. എന്നാൽ കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ടുപോയ ചാമ്പ്യൻസ് ലീഗ് കിരീടം ഇക്കുറി ക്ലോപ്പിന്റെ കൈയ്യിലെത്തി. അതിന് മാറ്റ്കൂട്ടി സെമിയിൽ ബാഴ്സയ്ക്കെതിരെ നടത്തിയ അവിശ്വസനീയ തിരിച്ചുവരവുമുണ്ടായിരിന്നു.
ഒരു പോയിന്റ് അകലെ കൈവിട്ടുപോയ പ്രീമിയർ ലീഗാണ് ഇക്കുറി ക്ലോപ്പ് നോട്ടമിട്ടത്. പെപ്പ് ഗ്വാർഡിയോള പറഞ്ഞതുപോലെ ഓരോ മത്സരങ്ങളും ഫൈനൽ എന്ന തരത്തിലാണ് ലിവർപൂൾ പ്രീമിയർ ലീഗ് കളിച്ചത്. അതിന്റെ ഫലമായിരുന്നു ലീഗിൽ തോൽവിയറിയാതെ തുടർച്ചയായ 27 മത്സരങ്ങൾ. ലീഗിൽ രണ്ടാമതുണ്ടായിരുന്ന സിറ്റിക്ക് മേൽ ലിവർപൂൾ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും സിറ്റി കൈവരിച്ച ലീഡ് ഏവരേയും അത്ഭുതപ്പെടുത്തി, പലരും പ്രീമിയർ ലീഗിൽ പോരാട്ടമില്ല എന്ന് പരിഹസിക്കുകയും ചെയ്തു. പക്ഷെ അത് ആദ്യ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാനുള്ള ലിവവർപൂളിന്റേയും ക്ലോപ്പിന്റെ അതിയായ ആഗ്രഹത്തിന്റേയും കഠിനാദ്ധ്വാനിത്തിന്റേയും ഫലമായിരുന്നു.
യുർഗൻ ക്ലോപ്പ് എന്ന പരിശീലകന്റെ കരിയർ തന്നെ ഒന്നോ അതിലേറെയോ പടികൾ മുകളിലേക്ക് കയറുന്നതാണ് ഈ നേട്ടം. മുമ്പ് ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം അസാധ്യമെന്ന് മറ്റുള്ളവർ പറഞ്ഞത് ക്ലോപ്പ് സാധ്യമാക്കിയിരുന്നു. ഇപ്പോൾ ലിവർപൂളിലും ഇതാവർത്തിച്ചു. ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നിരയിലേക്ക് ഈ നേട്ടം ക്ലോപ്പിനെ എത്തിക്കുമെന്ന് തീർച്ച