SHARE

സൂപ്പർതാരം വിർജിൽ വാൻ ഡൈക്ക് പരുക്കേറ്റ് പുറത്തായത് ലിവർപൂളിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ സെന്റർബാക്കായ വാൻ ഡൈക്കിന് നഷ്ടമായേക്കുമെന്നാണ് സൂചന. മറ്റൊരു സെന്റർ ബാക്കായ ജോയൽ മാറ്റിപ്പും പരുക്കിന്റെ പിടിയിലാണ്. ജോ ​ഗോമസ് മാത്രമാണ് ഇപ്പോൾ ടീമിലുള്ള ഏക സീനിയർ സെന്റർ ബാക്ക്.

ഈ സാഹചര്യത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡറായ ഫാബീന്യോയെയാണ് പരിശീലകൻ യുർ​ഗൻ ക്ലോപ്പ് സെന്റർ ബാക്കായി നിയോ​ഗിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഫാബീന്യോയ്ക്കും പരുക്കേറ്റത് ക്ലോപ്പിന്റെ പ്രതീക്ഷകളെല്ലാം തകർത്തു കളഞ്ഞു. ഇതോടെ തുർക്കി സെന്റർ ബാക്ക് ഒസാൻ കബാക്കിനെ ലിവർപൂൾ നോട്ടമിട്ടിട്ടുണ്ട്. എന്നാൽ താരത്തെ സ്വന്തമാക്കണമെങ്കിൽ ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കും വരെ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ നിലവിൽ റിസർവ് ടീമിലള്ള സെന്റർ ബാക്കുകളെ വച്ച് മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ക്ലോപ്പ് ആലോചിക്കുന്നത്. എന്നാൽ ഇതിനിടയ്ക്ക് തന്നെ പ്ലാൻ ബിയും ക്ലോപ്പിനുണ്ട്.

ഫാബീന്യോയെ പോലെ മറ്റ് പൊസിഷനിൽ കളിക്കുന്ന താരങ്ങളിലൊരാളെ സെന്റർ ബാക്കാക്കനാണ് ക്ലോപ്പിന്റെ പ്ലാൻ ബി. ലെഫ്റ്റ് ബാക്ക് ആൻഡി റോബർട്ട്സൻ, മധ്യനിരതാരങ്ങളായ ജോർദാൻ ഹെൻഡേഴ്സൻ, ജെയിംസ് മിൽനർ, ജോർജീന്യോ വൈനാൾഡം എന്നിവരിലൊരാളാളെ പ്രതിരോധചുമതലയേൽപ്പിക്കാനാണ് ക്ലോപ്പ് ആലോചിക്കുന്നത്.

ഈ ആലോചന ക്ലോപ്പ് മുന്നോട്ടുകൊണ്ടുപോയാൽ റോബർട്ടസൻ സെന്റർ ബാക്കാകാനാണ് സാധ്യത. അങ്ങനെവന്നാൽ ​ഗ്രീക്ക് താരം കോസ്റ്റാസ് സിമിക്കിസ് ലെഫ്റ്റ് ബാക്കാകും. അല്ലെങ്കിൽ മിൽനർ റോബർട്ടസന്റെ റോൾ ഏറ്റെടുക്കും. അതേസമയം മുമ്പ് ക്ലബ് ലോകകപ്പിൽ ഹെൻഡേഴ്സൻ സെന്റർ ബാക്കായി കളിച്ചിട്ടുള്ളത് ക്ലോപ്പ് പരി​ഗണിക്കാനും സാധ്യതയുണ്ട്.