SHARE

കാൽമുട്ടിന് പരിക്കേറ്റ അഫ്ഗാനിസ്ഥാൻ വെടിക്കെട്ട് ഓപ്പണർ മൊഹമ്മദ് ഷഹ്സാദിന് ലോകകപ്പിൽ ഇനി കളിക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് പരിക്കിനെത്തുടർന്ന് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ വിവരം അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇടം കൈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇക്രം അലി ഖിലിനെ, ഷഹ്സാദിന് പകരക്കാരനായി അഫ്ഗാൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാനെതിരെ നടന്ന സന്നാഹ മത്സരത്തിലായിരുന്നു‌ ഷഹ്സാദിന്റെ കാൽമുട്ടിന് പരിക്ക് പറ്റിയത്. എന്നാൽ ലോകകപ്പിൽ അഫ്ഗാൻ കളിച്ച രണ്ട് മത്സരങ്ങളിലും പരിക്ക് വെച്ച് കൊണ്ട് തന്നെ കളിക്കാൻ ഷഹ്സാദ് തയ്യാറാവുകയായിരുന്നു. ഇതോടെ പരിക്ക് അല്പം വഷളാവുകയും താരം ലോകകപ്പ് ടീം വിടാൻ നിർബന്ധിതനാവുകയുമായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ ഷഹ്സാദ്, ശ്രീലങ്കയ്ക്കെതിരെ 7 റൺസായിരുന്നു നേടിയത്. ഷഹ്സാദിന്റെ അഭാവം ലോകകപ്പിൽ അഫ്ഗാന് കനത്ത തിരിച്ചടി നൽകുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം ഈ വർഷം മാർച്ചിൽ അയർലൻഡിനെതിരെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഷഹ്സാദിന് പകരം ടീമിലെത്തിയിരിക്കുന്ന ഖിൽ. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ അഫ്ഗാൻ ടീമംഗമായിരുന്ന ഖിൽ, ലോകകപ്പിലെ 4 മത്സരങ്ങളിൽ നിന്ന് 185 റൺസും നേടിയിരുന്നു.