SHARE

നാല് രാജ്യങ്ങൾ ഏറ്റുമുട്ടുന്ന ഹീറോ ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാവുകയാണ്. ഇന്ന് വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ആതിഥേയരായ ഇന്ത്യയും, തജിക്കിസ്ഥാനുമാണ് ഏറ്റുമുട്ടുന്നത്. ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഈ പോരാട്ടം അത്ര കടുപ്പമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഏഷ്യൻ രാജ്യമായ തജിക്കിസ്ഥാൻ ഫിഫ റാങ്കിംഗിൽ നിലവിൽ 120-ം സ്ഥാനത്തുള്ള ടീമാണ്. കഴിഞ്ഞ മാസം ചൈനക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ പരാജയം ഏറ്റുവാങ്ങിയതിന് ശേഷമാണ് അവർ ഇന്റർകോണ്ടിനന്റൽ കപ്പിനെത്തുന്നത്. ഇത് വരെ ഏഷ്യൻ കപ്പ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ലാത്ത അവരുടെ ഏറ്റവും വലിയ നേട്ടം 2006 ൽ ബംഗ്ലാദേശിൽ നടന്ന പ്രഥമ എ എഫ് സി ചലഞ്ച് കപ്പിൽ വിജയിക്കാനായതാണ്.

ഫിഫ റാങ്കിംഗിൽ ഇതേ വരെ ആദ്യ നൂറിനുള്ളിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത തജിക്കിസ്ഥാൻ തങ്ങളേക്കാൾ മുന്നിലുള്ള എതിരാളികൾക്കെതിരെ മികച്ച പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റർകോണ്ടിനന്റൽ കപ്പിനെത്തുന്നത്. ഇന്ത്യയ്ക്കെതിരെ ഇന്ന് നേടുന്ന ഒരു‌സമനില പോലും അവർക്ക് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.