SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണ അടുത്തിടെ ഏറ്റവും രൂക്ഷമായി വിമർശനമേറ്റുവാങ്ങുന്നത് മുന്നേറ്റനിരയുടെ മൂർച്ചയില്ലായ്മയുടെ പേരിലാണ്. ലൂയിസ് സുവാരസ് ക്ലബ് വിട്ടുപോയിട്ടും പറ്റിയ ഒരു പകരക്കാരനെ ബാഴ്സ കൊണ്ടുവന്നിട്ടില്ല. മിക്കാറും മത്സരങ്ങളിലും സെന്റർ ഫോർവേഡ് ഇല്ലാതെയാണ് ബാഴ്സ കളിക്കുന്നത്.

മികവുറ്റ സ്ട്രൈക്കറുടെ അഭാവം ബാഴ്സയെ കാര്യമായി ബാധിക്കുമ്പോൾ അതിന് പരിഹാരം കണ്ടെത്താനാണ് പരിശീലകൻ റൊണാൾഡ് കോമാന്റെ ശ്രമം. അടുത്ത സീസണിൽ ഒരു മികച്ച സ്ട്രൈക്കർ ടീമിൽ വേണമെന്നാണ് കോമാന്റെ നിലപാട്. ഇതിനായി നാല് കളിക്കാരുടെ ലിസ്റ്റ് കോമാൻ തയ്യാറാക്കിയെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ താരം സെർജിയോ അ​ഗ്യൂറോ,ഒളിംപിക് ലിയോണിന്റെ ഡച്ച് താരം മെംഫിസ് ഡിപെ, ഇന്റർ മിലാന്റെ അർജന്റൈൻ താരം ലോത്താരോ മാർട്ടിനെസ്, ബെൽജിയം താരം റൊമേലു ലുക്കാക്കു എന്നിവരാണ് കോമാന്റെ ലിസ്റ്റിലുള്ളത്. ഇതിൽ ഡിപെയെ ടീമിലെത്തിക്കാൻ നേരത്തെ കോമാനും ബാഴ്സയും ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഈ സീസണൊടുവിൽ ഡിപെയുടെ ലിയോണുമായുള്ള കരാർ അവസാനിക്കും. ഇതോടെ താരത്തെ കൂടെക്കൂട്ടാമെന്നാണ് കോമാന്റെ പ്രതീക്ഷ. സിറ്റിയുമായി അ​ഗ്യൂറോയുടെ കരാറും ഇക്കുറി അവസാനിക്കും. എന്നാൽ സൂപ്പർതാരം ലയണൽ മെസി ബാഴ്സയിൽ തുടരുമോയെന്നതിനെ ആശ്രയിച്ചാകും അ​ഗ്യൂറോയുടെ തീരമാനമെന്നാണ് സൂചന.

ലുക്കാക്കുവിനേയും മാർട്ടിനെസിനേയും ഇന്റർ കൈവിടാൻ സാധ്യത വളരെ കുറവാണ്. ഇരുവർക്കും ക്ലബുമായുള്ള കരാറിൽ വർഷങ്ങൾ ബാക്കിയുമുണ്ട്. ഇതിനുപുറമെ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർതാരം എർലിങ് ഹ​ലാൻഡിലും ബാഴ്സ കണ്ണെറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.