SHARE

അടുത്ത ദിവസം നടക്കാനിരിക്കുന്ന മാഡ്രിഡ് ഡെർബിയിൽ, അത്ലറ്റിക്കോ മാഡ്രിഡിനെ, ചിരവൈരികളായ റയൽ മാഡ്രിഡ് പരാജയപ്പെടുത്തണമെന്ന് താൻ ആഗ്രഹിക്കുന്നതായി സൂചന നൽകി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റയൽ മാഡ്രിഡിന്റേയോ, അത്ലറ്റിക്കോ മാഡ്രിഡിന്റേയോ പേരെടുത്തു പറയാതെ ഈ മത്സരത്തിൽ റയൽ വിജയിക്കാൻ താൻ ആഗ്രഹിക്കുവെന്ന് കൂമാൻ ചൂണ്ടിക്കാട്ടിയത്‌

നിലവിൽ ലാലീഗാ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന ടീം പോയിന്റ് നഷ്ടപ്പെടുത്തുന്നത് ബാഴ്സലോണയെ സംബന്ധിച്ച് നല്ല കാര്യമായിരിക്കുമെന്നായിരുന്നു റൊണാൾഡ് കൂമാൻ പറഞ്ഞത്. അത്ലറ്റിക്കോ മാഡ്രിഡാണ് ലാലീഗയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് എന്നതിനാൽ അവരുടെ പരാജയം മാഡ്രിഡ് ഡെർബിയിൽ കൂമാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം.‌ ടീമുകളുടെ പേര് എടുത്തു പരാമർശിച്ചില്ലെങ്കിൽക്കൂടി ഞായറാഴ്ച നടക്കാനിരിക്കുന്ന മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡ് വിജയിക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബാഴ്സ പരിശീലക‌ൻ.

അതേ സമയം നിലവിൽ 24 മത്സരങ്ങളിൽ 58 പോയിന്റുകളുമായാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലീഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പിന്നിലുള്ള ബാഴ്സലോണയ്ക്കും, റയൽ മാഡ്രിഡിനും 25 മത്സരങ്ങളിൽ 53 പോയിന്റുകൾ വീതമാണുള്ളത്.