SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പരിശീലകൻ റൊണാൾഡ് കോമാനെ കാത്തിരിക്കുന്ന എട്ടിന്റെ പണിയെന്ന് സൂചന. എൽ ക്ലാസിക്കോ മത്സരത്തിന് പിന്നാലെ വാറിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ കോമാന് വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് സ്പാനിഷ് ഫെഡറേഷൻ ഓഫ് കോംപറ്റീഷൻസ് കമ്മിറ്റിയെന്നാണ് റിപ്പോർട്ടുകൾ.

ഒക്ടോബർ 24-ന് സ്വന്തം തട്ടകമായ ന്യൂകാമ്പിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സ റയൽ മഡ്രിഡിനോട് തോറ്റിരുന്നു. ഈ മത്സരത്തിൽ റയൽ മഡ്രിഡിന് പെനാൽറ്റി അനുവദിച്ച തീരുമാനം വലിയ വിവാദമായിരുന്നു. മത്സരശേഷം ഇതേക്കുറിച്ച് രൂക്ഷമായാണ് കോമാൻ പ്രതികരിച്ചത്.

റെഫറിയുടെ തീരുമാനം എനിക്ക് മനസിലാകുന്നില്ല, വാർ പ്രവർത്തിക്കുന്നത് തന്നെ ബാഴ്സലോണയ്ക്കെതിരെ തീരമാനമെടുക്കാനാണ്, വാർ തീരുമാനങ്ങൾ എപ്പോഴും ഞങ്ങൾക്ക് എതിരാണ്, ആ പെനാൽറ്റി അനുവദിച്ചത് എങ്ങനെയെന്ന് മനസിലാക്കാനേ സാധിക്കുന്നില്ല, സ്പെയിനിൽ എങ്ങനെയാണ് വാർ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ് മനസിലാക്കിത്തരാൻ ഞാൻ റെഫറിയോട് പറഞ്ഞു, എന്തുകൊണ്ടാണ് വാർ എപ്പോഴും ഞങ്ങൾക്ക് എതിരാകുന്നത്, അന്നത്തെ മത്സരശേഷം കോമാൻ തുറന്നടിച്ചു.

കോമാന്റെ ഈ പ്രതികരണങ്ങൾ പരിശോധിക്കുകാണ്, സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി. രണ്ട് മുതൽ 12 മത്സരങ്ങൾ വരെ കോമാന് വിലക്ക് ലഭിച്ചേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 3000 യൂറോ വരെ പിഴയും വിധിച്ചേക്കും. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും സൂചനയുണ്ട്.