SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ സൂപ്പർ ക്ലബ് ബാഴ്സലോണ സമീപിച്ചതായി റിപ്പോർട്ടുകൾ. ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കോമാൻ തന്റെ പരിശീലകസംഘത്തിലേക്ക് റോക്കയെ വിളിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഐ.എസ്.എല്ലിൽ കഴിഞ്ഞ സീസണിൽ മാത്രം അരങ്ങേറിയ ഹൈദരാബാദിന്റെ പരിശീലകനായി റോക്കയെത്തുന്നത് സീസണിന് ഇടയിലാണ്. എന്നാൽ ഇക്കുറി റോക്കയുടെ കീഴിൽ‍ മികച്ച തിരിച്ചുവരവിനാണ് ക്ലബ് തയ്യാറെടുക്കുന്നത്. ഇതിനിടെയാണ് റോക്കയെ തേടി കോമാന്റെ വിളിയെത്തിയത്. ബാഴ്സയുടെ ഓഫർ റോക്കയെ തേടിയെത്തിയെന്ന് ഹൈദരാബാദ് അധികൃതർ തന്നെ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

അതേസമയം ഇക്കാര്യത്തിൽ ഹൈദരാബാദ് തീരുമാനം എടുത്തിട്ടില്ല ഇതുവരെ. ബാഴ്സയുടെ ഓഫറിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് അവർ പറയുന്നത്. അതേസമയം തന്നെ റോക്കയ്ക്ക് മികച്ച അവസരമാണ് ഇതെങ്കിലും ഹൈദരാബാദിനും ചില താൽപര്യങ്ങളുണ്ടെന്നും, ക്ലബ് റോക്കയെയാണ് ആശ്രിയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സ്പാനിഷ് പരിശീലകനായ റോക്ക മുമ്പ് ബാഴ്സലോണയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2003 മുതൽ അഞ്ച് വർഷം ഡച്ച് പരിശീലകൻ ഫ്രാങ്ക് റൈക്കാർഡിന്റെ ഒപ്പമായിരുന്നു ഇത്. തുടർന്ന് റൈക്കാർഡ് ബാഴ്സ വിട്ടതോടെ റോക്കയും ഒപ്പം പോകുകയായിരുന്നു.