ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിൽ ഇന്ത്യക്ക് നിർണായകമായത് വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ കോഹ്ലി, നിർണായകമായ അവസാന മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറിയാണ് നേടിയത്.
മികച്ച ഇന്നിംഗ്സ് പുറത്തെടുത്തതിനൊപ്പം ഓസീസ് സ്പിന്നർ ആദം സാംബയെ കോഹ്ലി ഗംഭീരമായി നേരട്ടതും ആരാധകരെ സംതൃപ്തരാക്കി. സാധാരണ കോഹ്ലി നേരിടാൻ പ്രയാസപ്പെടുന്ന ബൗളർമാരിലൊരാളാണ് സാംബ. പരമ്പരയിലെ രണ്ടാം മത്സരത്തിൽ കോഹ്ലിയെ പുറത്താക്കിയതും സാംബയായിരുന്നു. എന്നാൽ നിർണായകമത്സരത്തിൽ സാംബയ്ക്ക് മേൽ വ്യക്തമായ അധിപത്യം പുലർത്താൻ കോഹ്ലിക്കായി. മത്സരശേഷം ഇതേക്കുറിച്ച് കോഹ്ലി തന്നെ വിശദീകരിച്ചു.
സാംബയ്ക്കെതിരെ സ്കോർ ചെയ്യുക എന്ന കാര്യം ഞാൻ നേരത്തെ മനസിലുറപ്പിച്ചിരുന്നു, മികച്ച ബൗളറാണദ്ദേഹം, മുമ്പ് പരസ്പരമേറ്റുമുട്ടിയപ്പോഴൊക്കെ എന്റെ സ്കോറിങ് റേറ്റ് നിയന്ത്രിക്കാനാണ് സാംബ ശ്രമിച്ചിരുന്നത്, സ്റ്റംപിന് നേർക്കാകും സാംബയുടെ ആക്രമണമെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ തന്നെ ലെഗ് സ്റ്റംപിന് പുറത്ത് നിലയുറപ്പിച്ചാണ് ഞാൻ അദ്ദേഹത്തെ നേരിട്ടത്, കോഹ്ലി പറഞ്ഞു.