SHARE

ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഐപിഎല്ലാകട്ടെ തൊട്ടടുത്തും. ലോകകപ്പ് എത്തുമ്പോഴേക്കും താരങ്ങള്‍ക്ക് പരിക്കേല്ക്കുമോയെന്ന ഭയത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അക്കാര്യം പലവട്ടം അദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ഐപിഎല്‍ തുടങ്ങാനിരിക്കേ സഹതാരങ്ങള്‍ക്ക് വിരാട് ഉപദേശവും നല്കി. ലോകകപ്പ് നാലുവര്‍ഷം കൂടുമ്പോള്‍ മാത്രമാണ് വരുന്നതെന്നും ഐപിഎല്‍ എല്ലാവര്‍ഷവും ഉണ്ടെന്നുമായിരുന്നു ക്യാപ്റ്റന്റെ ഉപദേശം.

ഐപിഎല്ലിലെ പ്രകടനം വിലയിരുത്തപ്പെടുന്നുണ്ടാവും. ഐപിഎല്‍ എല്ലാവര്‍ഷവും ഉണ്ടാവും എന്നാല്‍ ലോകകപ്പ് നാല് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് വരുന്നത്. നിങ്ങള്‍ അതുകൊണ്ട് ഐപിഎല്ലിന് പ്രാധാന്യം നല്‍കേണ്ട എന്നല്ല അര്‍ത്ഥം. കളിക്കുന്നതോടൊപ്പം ബുദ്ധിപരമായി ചിന്തിയ്ക്കുക. വിശ്രമവും അനിവാര്യമാണ്-കോഹ്‌ലി പറഞ്ഞു.

വിരാടിന്റെ ഈ ഉപദേശം ഫ്രാഞ്ചൈസികള്‍ക്ക് അത്രയ്ക്ക് ഇഷ്ടപ്പെടാന്‍ വഴിയില്ല. പരിക്കേല്ക്കുന്നതു പോലെ അത്രയ്ക്കങ്ങോട്ട് മരിച്ചു കളിക്കേണ്ടെന്ന് തന്നെയാണ് കോഹ്ലി പറയാതെ പറഞ്ഞത്. ഇതുതന്നെയാണ് ടീം മാനേജ്‌മെന്റുകളെ ചൊടിപ്പിക്കുന്നതും. മാര്‍ച്ച് 23നാണ് ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കുക.ചെന്നൈ സൂപ്പര്‍ കിംഗ്‌സും കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക.