SHARE

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ആവശ്യത്തിന് വിശ്രമവും പരിശീലനത്തിന് സമയവും തരാത്ത ബിസിസിഐക്കെതിരേ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോഹ്‌ലി പറഞ്ഞു. മത്സരങ്ങള്‍ക്കു മുമ്പ് കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം കിട്ടുന്നില്ലെന്നാണ് ക്യാപ്റ്റന്റെ പരാതി. വേറെ വഴികളൊന്നും ഇല്ലാത്തതിനാല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പേസ് പിച്ചുകളില്‍ കളിച്ച് പരിശീലിക്കുകയാണെന്ന് തങ്ങള്‍. പ്രകടനം മോശമായാല്‍ കളിക്കാരെ മാത്രമാണ് കുറ്റപ്പെടുത്തുക. അവര്‍ക്ക് തയ്യാറെടുപ്പിനോ വിശ്രമത്തിനോ വേണ്ടത്ര സമയം കിട്ടിയോ എന്ന് ആരും ചിന്തിക്കില്ലെന്നും കോഹ്‌ലി പറയുന്നു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിച്ചശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പോകുന്നതിനിടയ്ക്ക് ഞങ്ങള്‍ക്ക് വെറും രണ്ട് ദിവസം മാത്രമാണ് തന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല, മുന്നില്‍ വരുന്നതിനെ നേരിടുക എന്നതല്ലാതെ- മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ ക്യാപ്റ്റന്റെ പ്രതികരണം ഇങ്ങനെ പോകുന്നു. ഒരു മാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായി പരിശീലനം നേടാമായിരുന്നു. പക്ഷെ ഇപ്പോള്‍ അത് സാധ്യമല്ല.

ടെസ്റ്റ് മത്സരം കഴിഞ്ഞു വരുമ്പോള്‍ കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തുന്നത് പതിവാണ്. എന്നാല്‍ പരിശീലനത്തിന് ആവശ്യത്തിന് സമയം കിട്ടിയോ എന്നന്വേഷിക്കണം. വിദേശത്ത് പോകുന്ന ടീമിനെ എളുപ്പത്തില്‍ നമ്മള്‍ വിലയിരുത്തിക്കളയും. എത്ര സമയം പരിശീലനത്തിന് ലഭിച്ചു എന്ന് ആരും അന്വേഷിക്കാറില്ലെന്നും കോഹ്‌ലി അല്പം നിരാശയോടെ പറയുന്നു. ജനുവരിയിലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം.