SHARE

ആരും ശ്രദ്ധിക്കാത്തൊരു അപൂര്‍വ നേട്ടത്തിന് അരികെയാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍. മറ്റൊന്നുമല്ല ട്വന്റി-20യില്‍ ഏറ്റവുമധികം ശരാശരിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് ഈ സ്റ്റൈലിഷ് ബാറ്റ്‌സ്മാന്‍. ഒന്നാംസ്ഥാനത്തുള്ള വിരാട് കോഹ്‌ലിയുടെ തൊട്ടരുകില്‍.

അന്താരാഷ്ട്ര ട്വന്റി-20യില്‍ പത്തു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാഹുലിന്റെ ശരാശരി 50.66. ഇതിനിടെയില്‍ ഒരു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറിയും നേടിക്കഴിഞ്ഞു ഈ കര്‍ണാടകക്കാരന്‍. ആകെ റണ്‍സ് 365. കോഹ്‌ലിയാണ് രാഹുലിന് മുന്നിലുള്ള ഒരേയൊരു താരം. 55 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ വിരാടിന്റെ അക്കൗണ്ടിലുള്ളത് 1956 റണ്‍സ്. ശരാശരിയാകട്ടെ 52.86. എന്നാല്‍ സെഞ്ചുറി നേടനായിട്ടില്ലെന്നൊരു ന്യൂനത കോഹ്ലിക്കുണ്ട്. പുറത്താകാതെ 90 റണ്‍സ് നേടിയതാണ് ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍ ഐപിഎല്ലില്‍ വിരാടിന്റെ പേരില്‍ നാലു സെഞ്ചുറികളുണ്ട്. ധോണിയുടെ ആവറേജ് 84 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 35.58 ആണ്. ട്വന്റി-20യില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മയ്ക്കും ആവറേജിന്റെ കാര്യത്തിന്റെ അത്ര വലിയ നേട്ടം അവകാശപ്പെടാനില്ല. 68 കളികളില്‍ ആവറേജ് 30.30 മാത്രം.